ന്യൂയോർക്ക്: കടലിലെ ജലനിരപ്പ് ഉയരുന്നത് വലിയ പരിസ്ഥിതി പ്രശ്‌നങ്ങൾക്കാണ് കാരണം ആകുക. അതുകൊണ്ട് തന്നെ ജലനിരപ്പ് ഉയരുന്ന പ്രതിഭാസത്തെ അൽപ്പം ആശങ്കയോടെയാണ് ഗവേഷകർ കാണാറുള്ളത്. ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്ന വിവരങ്ങളാണ് അമേരിക്കയിൽ നിന്നും പുറത്തുവരുന്നത്. കടലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാജ്യത്ത് ഒരു സ്പീഷീസ് തന്നെ വംശമറ്റുപോയി എന്നാണ് റിപ്പോർട്ടുകൾ.
കാക്റ്റസ് ( കള്ളിമുൾച്ചെടി) വിഭാഗത്തിൽപ്പെട്ട കീ ലാർഗോ ട്രീ കാക്റ്റസ് ആണ് പൂർണമായും നശിച്ചു പോയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സൈന്റിഫിക് ജേണലിലാണ് ഇതേക്കുറിച്ച് പരാമർളിച്ചിട്ടുള്ളത്.
ലോസോസെറിയസ് മിൽസ്പൗഗി എന്ന ശാസ്ത്രനാമമുള്ള ഇവ രാജ്യത്ത് ആദ്യമായി വംശനാശം സംഭവിച്ചുപോയ സ്പീഷീസ് ആണ്. കരീബിയൻ മേഖലകളിലാണ് ഇവ വളർന്നിരുന്നത്.
കടലിലെ ഉപ്പുവെള്ളമാണ് ഇവയെ നാശത്തിലേക്ക് നയിച്ചത്. ജലം ഉയരുമ്പോഴും ഉയർന്ന തിരമാലയുണ്ടാകുമ്പോഴും ഇവ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ വെള്ളം എത്തും. ഇതിന് പുറമേ ശക്തമായ തിരമാലയെതുടർന്ന് മണ്ണ് നഷ്ടപ്പെടുന്നതും ഇവയുടെ നാശത്തിന് കാരണം ആയിട്ടുണ്ട്.
1992 ലായിരുന്നു കരീബിയൻ മേഖലകളിൽ ഈ ചെടികൾ ആദ്യമായി കണ്ടെത്തിയത്. ഇതിന് ശേഷം ഇവയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടക്കത്തിൽ 150 ഓളം ചെടികൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2021 ആയപ്പോഴേയ്ക്കും ഇവയുടെ എണ്ണം ആറായി കുറഞ്ഞു. അടുത്തിടെ നടത്തിയ പരിശോധനയിൽ ഇവ പൂർണമായും നശിച്ചതായി വ്യക്തമായി.
അതേസമയം കാക്റ്റസുകളുടെ വംശനാശത്തെ കാലാവസ്ഥാ വ്യതിയാനവുമായും ഗവേഷകർ താരതമ്യപ്പെടുത്തുന്നുണ്ട്. മാറിയ കാലാവസ്ഥയോട് തീരമേഖലകളിലെ ചെടികൾ എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്ന സൂചനകൂടിയാണ് കാക്റ്റസുകൾ നൽകുന്നത് എന്നാണ് ഇവർ പറയുന്നത്.
Discussion about this post