ന്യൂയോർക്ക് : അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിന് ടേക്ക്ഓഫിനിടെ അപകടം. 174 യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങിയ വിമാനത്തിന്റെ ടയർ ഊരി തെറിക്കുകയും തീ പിടിക്കുകയും ആയിരുന്നു. അരിസോണയിലെ ഫീനിക്സിലേക്ക് പോവുകയായിരുന്ന ബോയിങ് വിമാനത്തിനാണ് അപകടമുണ്ടായത്.
ഫ്ലോറിഡയിലെ താംബ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുമായി പുറപ്പെടുന്നതിനിടയിൽ ആയിരുന്നു വിമാനത്തിന്റെ ടയറുകളിൽ ഒന്ന് ഊരി തെറിക്കുകയും തീപിടുത്തം ഉണ്ടാവുകയും ചെയ്തത്. ഉടൻതന്നെ യാത്രക്കാരെ വിമാനത്തിൽ നിന്നും പുറത്തിറക്കുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മെക്കാനിക്കൽ പ്രശ്നങ്ങളാണ് അപകടത്തിന് കാരണമായത് എന്നാണ് എയർലൈൻ വക്താവ് അറിയിക്കുന്നത്.
ബോയിംഗ് 737-900 വിമാനത്തിലാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപും ബോയിംഗിന്റെ മറ്റൊരു വിമാനത്തിന് ലോസ് ഏഞ്ചൽസിൽ നിന്നും പറന്നുയരുന്നതിനിടെ ലാൻഡിങ് ഗിയർ വീൽ നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എയർലൈൻ വക്താവ് അറിയിച്ചു.
Discussion about this post