ഒരു കാലത്ത് പ്രതിരോധ ആയുധങ്ങൾക്കായി അയൽ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് അത്യാധുനിക ആയുധങ്ങൾ നിർമ്മിയ്ക്കാനും വിദേശരാജ്യങ്ങൾക്ക് വിൽപ്പന നടത്താനും ആരംഭിച്ചിരിക്കുന്നു. മാത്രമല്ല നൂനത സാങ്കേതിക വിദ്യകളുടെ വൻ ശേഖരവും നമുക്കുണ്ട്. ഇവ കൈമുതലാക്കി പ്രതിരോധരംഗത്ത് നമ്മുടെ രാജ്യം മിസൈൽ വേഗത്തിൽ കുതിയ്ക്കുകയാണ്. ഇതിലുള്ള ആദ്യ സൂചനയാണ് പ്രതിരോധ കയറ്റുമതി രംഗത്ത് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന റെക്കോർഡ് നേട്ടം…
21,083 കോടി രൂപയുടെ ആയുധങ്ങളും യുദ്ധ സാമഗ്രികളുമാണ് രാജ്യം 2023-24 സാമ്പത്തിക വർഷത്തിൽ വിദേശരാജ്യങ്ങൾക്ക് വിൽപ്പന നടത്തിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് രാജ്യം ഈ രംഗത്ത് ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രതിരോധ ആയുധങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇക്കുറി 1.2 ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ ആയിരുന്നു തദ്ദേശീയമായി നിർമ്മിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 16.7 ശതമാനത്തിന്റെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2019-20 സാമ്പത്തി വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനത്തിന്റെ വളർച്ചയാണ് ആഭ്യന്തര ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്.
രാജ്യത്തിന്റെ സ്വയം പര്യാപ്ത ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ആത്മനിർഭർ ഭാരത് പദ്ധതിയും മറ്റ് നയങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണം ആയിരിക്കുന്നത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആത്മനിർഭർ ഭാരത് തദ്ദേശീയ ഉത്പാദനം ലക്ഷ്യമിട്ടപ്പോൾ സർക്കാർ നയങ്ങൾ നിർമ്മാതാക്കൾക്ക് ഇതിന് അനുകൂല സാഹചര്യം ഒരുക്കി.
2004 മുതൽ 14 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 4,312 കോടി രൂപയുടെ വളർച്ചയായിരുന്നു പ്രതിരോധ മേഖല കൈവരിച്ചത്. എന്നാൽ 2014 മുതൽ 24 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് ഇരട്ടിയുടെ ഇരട്ടി ആയിട്ടുണ്ട്. കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് 88,319 കോടി രൂപയുടെ സാമ്പത്തിക നേട്ടം ആണ് പ്രതിരോധ മേഖല സ്വന്തമാക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖല സ്ഥാപനങ്ങളും ഈ നേട്ടത്തിൽ തുല്യപങ്കാൡകൾ ആയിട്ടുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. 60:40 എന്ന നിലയിലാണ് സ്വകാര്യ- പൊതുമേഖലാ പങ്കാളിത്തം.
നിലവിൽ ബ്രഹ്‌മോസ് മിസൈലുകൾക്കും ഇന്ത്യൻ നിർമ്മിത ലൈറ്റ് കോമ്പാക്ട് ഹെലികോപ്റ്ററുകൾക്കും വിദേശരാജ്യങ്ങൾക്കിടയിൽ പ്രിയം ഏറുകയാണ്. ഈ സാഹചര്യത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ നിലവിലെ റെക്കോർഡ് മറികടക്കാനാണ് സാദ്ധ്യത. ആഗോള പ്രതിരോധ വിപണിയിൽ നിർണായക ശക്തിയായി നമ്മുടെ രാജ്യം മാറുന്നുവെന്നതിനുള്ള തെളിവ് കൂടിയാണ് ഇത്.
Discussion about this post