തിരുവനന്തപുരം : സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിഎസ് സുനിൽകുമാറിനെതിരെ വിമർശനവുമായി പി പി സുനീർ എംപി. കഴിഞ്ഞദിവസം പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ വിഎസ് സുനിൽകുമാർ എതിർപ്പ് ഉന്നയിച്ചിരുന്നു. ഈ നിലപാടിനെതിരെയാണ് പി പി സുനീർ ഇന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനമുന്നയിച്ചത്.
“നമ്മൾ ആത്മസുഹൃത്തുക്കൾ എന്ന് കരുതി കൊണ്ട് നടക്കുന്നവർ നമ്മളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഈ ചർച്ച കൊണ്ട് ഉണ്ടായ പ്രയോജനം അതാണ്. ഞാൻ ആരോടും ആവശ്യപ്പെട്ടിട്ട് അല്ല രാജ്യസഭാ സീറ്റ് ലഭിച്ചത്” എന്നായിരുന്നു സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ പി പി സുനീർ വ്യക്തമാക്കിയത്. കഴിഞ്ഞദിവസം വിഎസ് സുനിൽകുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആയിരുന്നു പി പി സുനീറിന്റെ വാക്കുകൾ.
പി പി സുനീറിനെ രാജ്യസഭയിലേക്ക് അയക്കാൻ തിരഞ്ഞെടുത്തതിൽ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിഎസ് സുനിൽകുമാർ ആയിരുന്നു ആദ്യം എതിർപ്പുന്നയിച്ചിരുന്നത്. സുനീർ ചെറുപ്പമാണ്, ഇനിയും സമയം ഉണ്ടായിരുന്നു. ഏതെങ്കിലും മുതിർന്ന നേതാവിനെ രാജ്യസഭയിലേക്ക് അയക്കുന്നതായിരുന്നു ഉചിതം എന്നാണ് വിഎസ് സുനിൽകുമാർ അഭിപ്രായപ്പെട്ടിരുന്നത്. തുടർന്ന് കാനം വിരുദ്ധ പക്ഷത്തിലെ മറ്റു നിരവധി നേതാക്കളും പി പി സുനീറിനെ രാജ്യസഭയിലേക്ക് അയക്കാൻ എടുത്ത തീരുമാനത്തിനെതിരെ വിമർശനമുന്നയിക്കുകയായിരുന്നു.
Discussion about this post