എറണാകുളം : തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർ അനധികൃതമായ ഫ്ലാഷ്ലൈറ്റുകളും ബോർഡുകളും ഉപയോഗിച്ച് നടത്തുന്ന വാഹനയാത്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സാധാരണക്കാരെ രണ്ടാം തരം പൗരന്മാരായാണ് ഈ ഉദ്യോഗസ്ഥർ കാണുന്നതെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും ഹരിശങ്കർ വി മേനോനും കുറ്റപ്പെടുത്തി. നിയമം ലംഘിച്ചാണ് പലരും വാഹനങ്ങളിൽ ഫ്ലാഷ് ലൈറ്റുകളും ബോർഡുകളും വയ്ക്കുന്നത്, കേരളത്തിൽ അല്ലാതെ ഇതെല്ലാം നടക്കുമോ എന്നും കോടതി ചോദ്യമുന്നയിച്ചു. ചവറ കെഎംഎഎല്ലിന്റെ എം ഡി വാഹനത്തിൽ അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റും പിടിപ്പിച്ചതിനെത്തുടർന്ന് കോടതി പരിഗണിക്കുന്ന കേസിൽ ആണ് രൂക്ഷ വിമർശനം. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കുന്നതായിരിക്കും.
വാഹനങ്ങളിൽ ബോർഡും വെച്ച് പോകുന്ന ചില ഉദ്യോഗസ്ഥർ സാധാരണക്കാരുടെ വാഹനങ്ങളെ കാണുമ്പോൾ പിന്നിൽ വന്ന് ഹോൺ മുഴക്കും. ഇത് കാണുന്ന പോലീസുകാർ മര്യാദയ്ക്ക് വാഹനം ഓടിച്ചു പോകുന്നവരെ ചീത്ത വിളിക്കുകയാണ് ചെയ്യുന്നത്. അടുത്തിടയായി ഇത്തരം നിയമലംഘനങ്ങളിൽ എടുത്തിരിക്കുന്ന നടപടികൾ എന്താണെന്ന് കോടതിയെ അറിയിക്കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
രാഷ്ട്രപതിക്കും ഭരണഘടന പദവിയിലിരിക്കുന്ന മറ്റുള്ളവർക്കും മാത്രമാണ് വാഹനത്തിൽ ദേശീയ ചിഹ്നം നിശ്ചിത ബോർഡിൽ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്. എന്നാൽ ഇവിടെ മന്ത്രിമാരും ഉദ്യോഗസ്ഥരും എല്ലാം ഇത്തരത്തിലുള്ള ബോർഡുകൾ ഉപയോഗിക്കുകയാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിയമം ലംഘിച്ച് വാഹനങ്ങളിൽ ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നു. ജില്ലാ കളക്ടർമാർ ഉൾപ്പെടെ നിയമവിരുദ്ധമായ ഇലൂമിനേറ്റ് ചെയ്ത ബോർഡ് ആണ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത് എന്നും കോടതി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം താമസസ്ഥലത്തേക്ക് പോകുന്ന ഐജി വാഹനത്തിന്റെ മുകളിൽ ഫ്ലാഷ് ലൈറ്റ് മിന്നിക്കുന്നത് കണ്ടു. അടിയന്തര ആവശ്യങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഫ്ലാഷ് ലൈറ്റ് ഘടിപ്പിക്കേണ്ടത്. സെൻട്രൽ കസ്റ്റംസ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് വകുപ്പിന്റെ പേര് മാത്രമാണ് എഴുതാൻ അനുമതി ഉള്ളത്. എന്നാൽ പലരും ടാക്സി കാറുകളിൽ എംബ്ലം വച്ചാണ് യാത്ര ചെയ്യുന്നത്. ചീഫ് സെക്രട്ടറിക്ക് പോലും ദേശീയ ചിഹ്നം വാഹനത്തിൽ ഉപയോഗിക്കാൻ കഴിയില്ല. അപ്പോഴാണ് ഒരു സർക്കാർ പൊതുമേഖല സ്ഥാപനത്തിന്റെ എംഡി ഇവിടെ ബോർഡും ഫ്ലാഷ് ലൈറ്റും വെച്ച് യാത്ര ചെയ്യുന്നത് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
Discussion about this post