ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആരാണെന്ന് അറിയില്ലെന്ന് പറയുന്ന സ്വീഡിഷ് ഫുട്ബോൾ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കൻ യൂട്യൂബർ ആയ ഐഷോ സ്പീഡ് ഇബ്രയുമായി നടത്തിയ ഒരു അഭിമുഖ പരിപാടിക്ക് ഇടയിൽ ആയിരുന്നു കോഹ്ലിയുടെ ചിത്രം കാണിച്ച് ആരാണെന്ന് ഇബ്രാഹിമോവിച്ചിനോട് ചോദിച്ചത്. എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ സ്വീഡിഷ് താരത്തിന് കഴിഞ്ഞില്ല.
കോഹ്ലിയുടെ ചിത്രം കണ്ട് ഇദ്ദേഹം വലിയ താരം ആണോ എന്നും ഇബ്രാഹിമോവിച്ച് ചോദിക്കുന്നതായും വീഡിയോയിൽ കാണാം.
ചിത്രത്തിൽ ഉള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആണെന്ന് തുടർന്ന് അവതാരകൻ വ്യക്തമാക്കുകയായിരുന്നു. എന്നാൽ താൻ അങ്ങനെയൊരു പേര് ഒരിക്കലും കേട്ടിട്ടില്ല എന്നായിരുന്നു ഇബ്രാഹിമോവിച്ചിന്റെ മറുപടി. തുടർന്ന് അവതാരകൻ അദ്ദേഹത്തോട് വിരാട് കോഹ്ലി ക്രിക്കറ്റിലെ ‘ഗോട്ട്’ ആണെന്ന് പറഞ്ഞു നൽകുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
താൻ ഒരിക്കൽ പോലും ക്രിക്കറ്റ് കണ്ടിട്ടില്ല എന്നാണ് ഇബ്രാഹിമോവിച്ച് മറുപടി നൽകിയത്. താൻ പറയുന്നത് അനാദരവ് ആയിട്ടല്ല, ജീവിതത്തിൽ ഒരിക്കലും ക്രിക്കറ്റ് കണ്ടിട്ടില്ലാത്തതുകൊണ്ട് തനിക്ക് ക്രിക്കറ്റ് താരങ്ങളെ അറിയില്ല എന്നും ഇബ്രാഹിമോവിച്ച് വ്യക്തമാക്കി. ഐസിസി ടി20 റാങ്കിങ്ങിൽ 55ആം റാങ്കിലുള്ള സ്വീഡനിൽ വലിയ പ്രചാരമുള്ള കായിക ഇനമല്ല ക്രിക്കറ്റ് എന്നുള്ളതിനാൽ ഇത് സ്വാഭാവികമാണ് എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ ഉയരുന്നത്.
Discussion about this post