തൃശ്ശൂർ: തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിനുള്ള വാക്‌സിൻ മാറി കുറിച്ച് നൽകി. ബിസിജി വാക്‌സിന് പകരം ആറാമത്തെ ആഴ്ചയിൽ എടുക്കുന്ന പെന്റാവാലന്റ് വാക്‌സിനാണ് കുറിച്ച് നൽകിയത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് നൽകിയ പരാതിയിൽ ഡിഎംഒ അന്വേഷണം തുടങ്ങി.
ചാഴൂർ സ്വദേശിനിയായ ബകുൾ ഗീതിന്റെ കുഞ്ഞിനാണ് വാക്‌സിൻ മാറി നൽകാൻ ഹെൽത്ത് ഇൻസ്‌പെക്ടർ നിർദ്ദേശിച്ചത്. എട്ട് ദിവസം പ്രായമായ കുഞ്ഞുമായി കഴിഞ്ഞ ദിവസം ആയിരുന്നു ബകുൽ ഗീത് കുഞ്ഞിന് വാക്‌സിൻ എടുക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. അവിടെ നിന്നും വാക്‌സിൻ കുറിച്ച് നൽകുകയായിരുന്നു. വാക്‌സിന്റെ പേര് നോക്കിയപ്പോഴാണ് മാറിയതായി കണ്ടത്. ഉടനെ വിവരം ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കുകയായിരുന്നു.
എന്നാൽ വാക്‌സിന്റെ പേര് മാറ്റി കുറിയ്ക്കാൻ ഇവർ തയ്യാറായില്ല. അത് മാത്രമല്ല വാക്‌സിൻ നൽകാതെ മടക്കി അയക്കാൻ ശ്രമിക്കുകയുമായിരുന്നു. ജോലി തടസ്സപ്പെടുത്തിയതിന് പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
അതേസമയം കുറിച്ച് നൽകിയ വാക്‌സിൻ തെറ്റായിരുന്നുവെന്ന് ആരോഗ്യകേന്ദ്രവും സമ്മതിച്ചു. എന്നാൽ ശരിയായ വാക്‌സിൻ ആയിരുന്നു കുട്ടിയ്ക്ക് നൽകിയത് എന്നും ഇവർ വ്യക്തമാക്കി.
Discussion about this post