ന്യൂഡൽഹി; ജൂൺ 25 ഇനി ഇന്ത്യയിലെ ഇരുണ്ടകാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ ദിനമായി കൊണ്ടാടും. 1975ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ‘സംവിധാൻ ഹത്യ ദിവസ്’ അഥവാ ഭരണഘടനാ കൊലപാതക ദിനമായി ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചത്.
‘1975 ജൂൺ 25 ന്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വേച്ഛാധിപത്യ മനോഭാവത്തിന്റെ ധിക്കാരപരമായ പ്രകടനത്തിലൂടെ, രാഷ്ട്രത്തിന്മേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവിനെ കഴുത്തുഞെരിച്ചു. ലക്ഷക്കണക്കിന് ആളുകൾ സ്വന്തം തെറ്റ് കൂടാതെ ജയിലുകൾക്ക് പിന്നിൽ എറിയപ്പെട്ടു. മാധ്യമങ്ങളുടെ ശബ്ദം നിശബ്ദമാക്കി, എല്ലാ വർഷവും ജൂൺ 25 ‘സംവിധാൻ ഹത്യ ദിവസ്’ ആയി ആചരിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചുവെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ ട്വീറ്റ്.
‘എല്ലാ വർഷവും ജൂൺ 25 ഭരണഘടനാഹത്യാ ദിനമായി ആചരിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനം അനുസ്മരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം അറിയിച്ചുകൊണ്ട് എക്സ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘ജൂൺ 25 ഭരണഘടനാഹത്യാ ദിനമായി ആചരിക്കുന്നത് ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോൾ എന്ത് സംഭവിച്ചു എന്നതിന്റെ ഓർമ്മപ്പെടുത്തലായിരിക്കും. കോൺഗ്രസ് അഴിച്ചുവിട്ട ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായ അടിയന്തരാവസ്ഥയുടെ ദുരിതമനുഭവിച്ച ഓരോ വ്യക്തിക്കും ആദരവ് അർപ്പിക്കുന്ന ദിനം കൂടിയാണിത്.’ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post