ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെയും ഇന്ത്യൻ ടീമിനെയും പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്താനിലെ ജനങ്ങൾ വിരാട് കോഹ്ലിയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം രാജ്യത്ത് കളിക്കുന്നത് കാണാൻ ആകാംഷയിൽ ആണെന്നും മുൻ താരം പറഞ്ഞു.
ഇന്ത്യൻ ടീം പാകിസ്താൻ പര്യടനം നടത്തുകയാണെങ്കിൽ വിരാട് കോലിയായിരിക്കും ഏറ്റവും ശ്രദ്ധാകേന്ദ്രം. പാകിസ്താൻ ടീം ഇന്ത്യയിലേക്ക് വന്നപ്പോഴും ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വന്ന സന്ദർഭങ്ങളിലും സ്നേഹവും ബഹുമാനവും ലഭിച്ചിരുന്നു. ക്രിക്കറ്റർമാരും ക്രിക്കറ്റ് പര്യടനവും തമ്മിലുള്ള ബന്ധത്തിൽനിന്ന് രാഷ്ട്രീയം അകറ്റിനിർത്തണമെന്നും അഫ്രീദി പറഞ്ഞു.
വിരാട് കോഹ്ലി ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെ കുറിച്ചും പാക് താരം പ്രതികരിച്ചു. ‘അദ്ദേഹം ട്വന്റി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കാൻ പാടില്ലായിരുന്നു. കാരണം കോഹ്ലി കളിക്കുമ്പോൾ ആ ഫോർമാറ്റിന് ഭംഗി കൂടുതലാണ്. അദ്ദേഹം എന്തുകൊണ്ടാണ് തുടരാത്തത്? അദ്ദേഹം ശാരീരികക്ഷമതയുള്ള താരമാണ്. മിന്നും ഫോമിലുമാണ് ഇപ്പോൾ ഉള്ളത്. എല്ലാത്തിനുമുപരി അദ്ദേഹത്തോടൊപ്പം കളിക്കുന്ന യുവതാരങ്ങൾക്ക് നിരവധി അവസരങ്ങളും വിജയങ്ങളും ഉണ്ടാകും. യുവതാരങ്ങളെ മാത്രം നമുക്ക് ഇറക്കാൻ സാധിക്കില്ല. ടീമിൽ സീനിയർ താരങ്ങളുടെയും യുവതാരങ്ങളുടെയും കോമ്പിനേഷനാണ് വേണ്ടത്. യുവതാരങ്ങൾക്ക് വിരാട് കോഹ്ലിക്ക് പഠിപ്പിച്ചുകൊടുക്കാൻ കഴിയുന്നത് മറ്റൊരു താരത്തിനും സാധിക്കില്ലെന്ന് ഞാൻ കരുതുന്നുവെന്ന് അഫ്രീദി കൂട്ടിച്ചേർത്തു.
Discussion about this post