മുംബൈ : മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പിൽ 11ൽ 9 സീറ്റുകളും നേടി ബിജെപി സഖ്യം. ബിജെപി, ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവ ചേർന്ന മഹായുതിസഖ്യം ആണ് വമ്പൻ വിജയം നേടിയത്. 11 സീറ്റുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകളും ശിവസേനയുടെയും എൻസിപിയുടെയും സ്ഥാനാർത്ഥികൾ രണ്ടു സീറ്റുകൾ വീതവും കരസ്ഥമാക്കി.
ഈ വർഷം അവസാനം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനാൽ എംഎൽസി തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യത്തോടെയാണ് കണക്കാക്കപ്പെട്ടിരുന്നത്. ബിജെപി നേതൃത്വത്തിലുള്ള മഹായുതിസഖ്യവും കോൺഗ്രസും ശിവസേന ഉദ്ദവ് വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗവും ചേർന്ന മഹാ വികാസ് സഖ്യവും തമ്മിലാണ് മത്സരം നടക്കുന്നത്. ബിജെപി സഖ്യത്തിന്റെ 9 സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ രണ്ട് സ്ഥാനാർത്ഥികളും ആണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ബിജെപിയുടെ പങ്കജ മുണ്ടെ, യോഗേഷ് തിലേക്കർ, പരിണയ് ഫുകെ, അമിത് ഗോർഖെ, സദാഭൗ ഖോട്ട്, അജിത് പവാർ-എൻസിപിയുടെ രാജേഷ് വിതേകർ, ശിവ്‌റാവു ഗാർജെ, ഏകനാഥ് ഷിൻഡെ-ശിവസേനയുടെ കൃപാൽ തുമാനെ, ഭാവന ഗവാലി എന്നിവരും കോൺഗ്രസിൻ്റെ പ്രദ്ന്യ രാജീവ് സതവ്, മിലിന്ദ് നർവേക്കർ എന്നിവരുമാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ക്രോസ് വോട്ടിംഗ് നടന്നതായും ആരോപണമുണ്ട്.
Discussion about this post