മുംബൈ : ജൂലൈ 12ന് മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ച് അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം നടക്കുമ്പോൾ രാജ്യം മുഴുവൻ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. എല്ലായ്പ്പോഴും വൈവിധ്യങ്ങളായ കാര്യങ്ങൾ ഒരുക്കിവയ്ക്കുന്നതിൽ താല്പരരായ അംബാനി കുടുംബത്തിന്റെ വിവാഹദിന ആഘോഷങ്ങൾ എങ്ങനെയായിരിക്കും എന്നുള്ളതാണ് ആ ആകാംക്ഷ. ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും അനുസരിച്ച് അംബാനി വിവാഹത്തിന്റെ ഭക്ഷണത്തിൽ പോലും വൈവിധ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേ അതേ മോഡലിൽ തന്നെ ജിയോ കൺവെൻഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ബംഗളൂരുവിലുള്ള റസ്റ്റോറന്റിന് ഉള്ളിൽ കയറി ഭക്ഷണം കഴിക്കുന്ന അതേ അനുഭവം ആയിരിക്കും ഇവിടെനിന്നും ലഭിക്കുക. ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് പേരുകേട്ട റെസ്റ്റോറന്റ് ആണ് രാമേശ്വരം കഫേ. അംബാനി വിവാഹത്തിന് എത്തുന്ന അതിഥികൾക്കായി ഇവിടെ സ്പെഷ്യൽ ഫിൽറ്റർ കോഫിയും വിവിധതരം ദോശ വിഭവങ്ങളും മറ്റു ദക്ഷിണേന്ത്യൻ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
അതേ രീതിയിൽ തന്നെ വാരണാസി തെരുവുകളിലെ കടലക്കച്ചവടക്കാരെയും ജിയോ കൺവെൻഷൻ സെന്ററിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. വാരണാസിയിലെ ഏറ്റവും പ്രശസ്തമായ ചില ചാട്ട് വില്പനശാലകൾ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗോൽഗപ്പ, പാപ്ടി ചാട്ട്, ദഹി ബല്ല തുടങ്ങിയ തനി നാടൻ വിഭവങ്ങൾ ഇവിടെ അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു. പാശ്ചാത്യശൈലിയേയും ഫാസ്റ്റ് ഫുഡ് ശൃംഖലകളെയും ഒഴിവാക്കി ഇന്ത്യയുടെ പരമ്പരാഗത ഭക്ഷണ വൈവിധ്യങ്ങൾ അതിഥികൾക്ക് പരിചയപ്പെടുത്തുകയാണ് വിവാഹച്ചടങ്ങിൽ അംബാനി കുടുംബം.
Discussion about this post