ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 2060-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ 1.7 ബില്യണായി ഉയരുമെന്ന് റിപ്പോർട്ട്. ഈ സമയത്ത് ഇന്ത്യൻ ജനസംഖ്യ അതിന്റെ ഏറ്റവും പാരമ്യത്തിലായിരിക്കുമെന്നും എന്നാൽ അതിനുശേഷം 12 ശതമാനം വച്ച് കുറയുകയും ചെയ്യും എന്നാണ് പ്രവചിക്കപ്പെടുന്നത് . അതേസമയം യുഎൻ കണക്കുകൾ പ്രകാരം, ഈ നൂറ്റാണ്ട് മുഴുവൻ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തുടരും.
അടുത്ത 50-60 വർഷത്തിനുള്ളിൽ ലോകജനസംഖ്യയുടെ വർദ്ധനവ് തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് 2080-കളുടെ മധ്യത്തോടെ 10.3 ബില്യണിലെത്തും . എന്നാൽ ജൂലൈ 11 ന് പുറത്തിറക്കിയ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് 2024 റിപ്പോർട്ട് അനുസരിച്ച്, ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ജനസംഖ്യ 10.2 ബില്യൺ ആളുകളായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2024-ൽ 1.41 ബില്യൺ ആയിരുന്ന ചൈനയുടെ ജനസംഖ്യ 2054-ൽ 1.21 ബില്യണായി കുറയുമെന്നും 2100-ഓടെ 633 ദശലക്ഷമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2100-ഓടെ ചൈനയ്ക്ക് നിലവിലെ ജനസംഖ്യയുടെ പകുതിയിലധികവും നഷ്ടപ്പെടുമെന്നും 1950-കളുടെ അവസാനത്തിൽ ഉണ്ടായിരുന്ന ജനസംഖ്യാ വലിപ്പത്തിലേക്ക് തിരിച്ചെത്തുമെന്നും പ്രവചിക്കപ്പെടുന്നു
2024 നും 2054 നും ഇടയിൽ ചൈനയും ജപ്പാനും റഷ്യയും സമ്പൂർണ്ണ ജനസംഖ്യാ നഷ്ടത്തിന് സാക്ഷ്യം വഹിക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
Discussion about this post