ന്യൂഡൽഹി : രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ സ്മരണയ്ക്കായി ജൂൺ 25ന് സംവിധാൻ ഹത്യ ദിവസ് ആചരിക്കാൻ എൻഡിഎ സർക്കാർ തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. കഴിഞ്ഞകാലത്തുണ്ടായ സംഭവങ്ങൾ ബിജെപി മറക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് ഇന്ദിരാഗാന്ധി തന്നെ സമ്മതിച്ചിരുന്നതാണെന്നും ഭൂതകാലം മറക്കണം എന്നും ചിദംബരം അഭിപ്രായപ്പെട്ടു.
“അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ബിജെപി 18-ാം നൂറ്റാണ്ടിലേക്കോ 17-ാം നൂറ്റാണ്ടിലേക്കോ മടങ്ങാത്തത്? ഇന്ന് ജീവിക്കുന്ന ഇന്ത്യക്കാരിൽ 75 ശതമാനവും 1975ന് ശേഷം ജനിച്ചവരാണ്. അതിനാൽ ഇനി അടിയന്തരാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഞങ്ങൾ ഭരണഘടന ഭേദഗതി ചെയ്തിട്ടുള്ളതിനാൽ ഇനി ഒരിക്കലും അടിയന്തരാവസ്ഥ എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയില്ല” എന്നും ചിദംബരം വ്യക്തമാക്കി
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് ജൂൺ 25 ‘സംവിധാൻ ഹത്യ ദിവസ്’ ആയി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ ചിദംബരം പ്രതികരിച്ചിരിക്കുന്നത്. പഴയകാല കാര്യങ്ങളിൽ നിന്നും ഞങ്ങൾ പാഠങ്ങൾ പഠിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് 50 വർഷം മുൻപത്തെ കാര്യത്തെക്കുറിച്ച് ബിജെപി ഇപ്പോൾ ചർച്ച നടത്തുന്നത് എന്നും ചിദംബരം ചോദ്യമുന്നയിച്ചു.
Discussion about this post