ലഖ്‌നൗ : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിനയായത് അമിത ആത്മവിശ്വാസമായിരുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന ബിജെപി സംസ്ഥാന യോഗത്തിൽ ആയിരുന്നു യോഗി ഇക്കാര്യം വെളിപ്പെടുത്തിയത്. ലഖ്‌നൗ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ അംബേദ്കർ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഒരു ദിവസം നീണ്ടുനിന്ന ബിജെപി സംസ്ഥാന സമ്മേളനം നടന്നത്.
2019ൽ ഉത്തർപ്രദേശിൽ 62 സീറ്റുകൾ നേടിയിരുന്ന ബിജെപി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 33 സീറ്റുകൾ മാത്രമാണ് നേടിയത്. സംസ്ഥാനത്ത് അമിത ആത്മവിശ്വാസം ബിജെപിയുടെ പ്രതീക്ഷകളെ ഇല്ലാതാക്കി എന്ന് യോഗി അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് സമയത്ത് ജാതിയുടെ പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ സമൂഹം ചിതറി പോയാൽ ഈ രാജ്യത്തെ എളുപ്പത്തിൽ വീഴ്ത്താം എന്ന് ലോകത്തിന് അറിയാം. എന്നാൽ നമ്മൾ ഐക്യപ്പെട്ട് നിന്നാൽ വലിയ ശക്തികൾ പോലും നമ്മളുടെ മുമ്പിൽ വീണു പോകും. രാജ്യത്തെ പ്രതിപക്ഷം വിദേശ ശക്തികളുമായി ചേർന്ന് ഗൂഢാലോചനയിൽ ഏർപ്പെട്ട് അത് വിജയിച്ച സന്തോഷത്തിലാണ് ഇപ്പോൾ. ബിജെപി ഇതുവരെ ജാതിയുടെയോ മതത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വിവേചനവും കാണിച്ചിട്ടില്ല. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നതുപോലും ജാതിയോ മദ്യമോ അടിസ്ഥാനമാക്കിയല്ല. ഗുണ്ടകളും മാഫിയകളും അടക്കിവാണിരുന്ന ഉത്തർപ്രദേശിനെ അതിൽ നിന്നെല്ലാം മോചിപ്പിക്കാൻ ഇന്ന് കഴിഞ്ഞിട്ടുണ്ടെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിന്നോട്ട് പോയ ബിജെപിയെ തിരികെ കൊണ്ടുവരാനും സാധിക്കും എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post