കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച് പോലീസ് ഉദ്യോഗസ്ഥൻ. കാർ ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറി കാറിന്റെ ബോണറ്റിൽ കയറിയ പമ്പ് ജീവനക്കാരനെയും കൊണ്ട് പ്രതി ഏറെ ദൂരം മുന്നോട്ട് സഞ്ചരിക്കുകയും ചെയ്തു. വാഹനത്തിൽ പെട്രോൾ അടിച്ചതിനു ശേഷം പണം ചോദിച്ചത് ഇഷ്ടപ്പെടാഞ്ഞതാണ് ആക്രമണത്തിന് കാരണമായത്. കുറ്റകൃത്യം നടത്തിയ പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
കണ്ണൂർ എആർ ക്യാമ്പിലെ ഡ്രൈവർ സന്തോഷാണ് പെട്രോൾ പമ്പ് ജീവനക്കാരനെതിരെ ആക്രമണം നടത്തിയത്. ഞായറാഴ്ച വൈകിട്ട് കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിൽ ആയിരുന്നു സംഭവം നടന്നത്. 2100 രൂപയ്ക്ക് ഇന്ധനം നിറച്ച ശേഷം 1900 രൂപ നൽകി തന്റെ കയ്യിൽ ഇതേ ഉള്ളൂ എന്ന് പറഞ്ഞ് പോകാൻ ശ്രമിച്ചത് പമ്പ് ജീവനക്കാരൻ വിസമ്മതിച്ചതിനെ തുടർന്നാണ് പോലീസുകാരൻ ആക്രമണം നടത്തിയത്.
ഭാരത് പമ്പ് ജീവനക്കാരൻ ആയ അനിലിനെതിരെയാണ് വധശ്രമം ഉണ്ടായത്. സംഭവം വിവാദമാവുകയും സിസിടിവി ദൃശ്യങ്ങൾ അടക്കം പ്രചരിക്കുകയും ചെയ്തതോടെ പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. സന്തോഷ് കുമാറിനെതിരെ സസ്പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടികളും സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
Discussion about this post