തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതേ തുടർന്ന് വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. ഇതേ തുടർന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീ ലിറ്റർ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. ഈ സാഹചര്യത്തിൽ മഴ ശക്തമാകുന്ന ജില്ലകളിൽ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന് പുറമേ കാലവർഷക്കാറ്റും ശക്തിപ്രാപിച്ചിട്ടുണ്ട്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്ന് അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ കടൽക്ഷോഭത്തിന് സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Discussion about this post