ശ്രീനഗർ : ജമ്മു കശ്മീരിൽ പലസ്തീൻ പതാകയുമേന്തി മുഹറം ഘോഷയാത്ര. കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ പലസ്തീൻ പതാകയുമായി മുഹറം ഘോഷയാത്രയിൽ പങ്കെടുത്തതിന് ഒരാൾ അറസ്റ്റിൽ ആയതിന് പിന്നാലെയാണ് ജമ്മു കശ്മീരിലും സംഭവം ആവർത്തിച്ചിരിക്കുന്നത്. കരൺ നഗർ ഏരിയയിലെ ഗുരു ബസാറിൽ നിന്ന് ദൽഗേറ്റ് വരെ നടത്തിയ ഘോഷയാത്രയിൽ ആയിരുന്നു പലസ്തീൻ പതാകകൾ വീശിയത്.
ഇതോടൊപ്പം തന്നെ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ നിരവധി മുദ്രവാക്യങ്ങളും ഈ ഘോഷയാത്രയിൽ ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പ്രകോപനപരമായ മുദ്രവാക്യങ്ങളോ ചിഹ്നങ്ങളോ നിരോധിത സംഘടനകളും ആയി ബന്ധപ്പെട്ട കാര്യങ്ങളോ മുഹറം ഘോഷയാത്രയിൽ ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ ജില്ലാ മജിസ്ട്രേറ്റ് സംഘാടകർക്ക് നിർദ്ദേശം നൽകിയിരുന്നതാണ്.
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ഭദോഹിയിൽ നടന്ന മുഹറം ഘോഷയാത്രയിൽ പലസ്തീൻ പതാകയേന്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതിന് 20 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 197 പ്രകാരം ഔറായ് പോലീസ് ആണ് സാഹിൽ ബാദ്ഷാ എന്ന യുവാവിനെതിരെ കേസെടുത്തിട്ടുള്ളത്.
Discussion about this post