തിരുവനന്തപുരം: വീരമൃത്യുവരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ ഭാര്യയെന്ന പേരിൽ തന്റെ ചിത്രങ്ങൾ ഉപയോഗിക്കുകയും പ്രചരിപ്പിക്കുന്നവർക്കെതിരെ നടിയും മോഡലുമായ രേഷ്മ സെബാസ്റ്റിയൻ. തന്റെ പേര് ഉപയോഗിച്ച് സ്മൃതി സിംഗിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് താരം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു രേഷ്മയുടെ പ്രതികരണം.
അൻഷുമാൻ സിംഗിന്റെ ധീരതയ്ക്കുള്ള ബഹുമതിയായ കീർത്തിചക്ര ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്മൃതി ഏറ്റുവാങ്ങിയിരുന്നു. അന്ന് നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് സ്മൃതി ശ്രദ്ധാകേന്ദ്രം ആയത്. ഇതിന് പിന്നാലെ കീർത്തിചക്ര തങ്ങൾക്ക് നൽകിയില്ലെന്ന പരാമർശവുമായി അൻഷുമാൻ സിംഗിന്റെ പിതാവ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ സ്മൃതിയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് സ്മൃതി എന്ന രീതിയിൽ രേഷ്മയുടെ ചിത്രങ്ങൾ പ്രചരിക്കാൻ ആരംഭിച്ചത്. കാഴ്ചയിൽ ഇരുവർക്കുമുള്ള സാമ്യതയാണ് വ്യാജ പ്രചാരണത്തിനായി താരത്തിന്റെ ചിത്രം ഉപയോഗിക്കാനുണ്ടായ കാരണം.
വീരമൃത്യുവരിച്ച സൈനികൻ അൻഷുമാൻ സിംഗിന്റെ ഭാര്യയല്ല താനെന്നും സ്മൃതി സിംഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് അല്ല ഇതെന്നും രേഷ്മ പറഞ്ഞു. താനാരാണെന്ന വിശദാംശങ്ങൾ പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. വ്യാജ പ്രചാരണത്തിനായി തന്റെ ഫോട്ടോ ഉപയോഗിക്കുന്നവർ അത് പരിശോധിച്ചാൽ നന്ന്.
തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി വിട്ട് നിൽക്കുക. തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ശക്തമായ നിയമ നടപടി സ്വീകരിക്കും എന്നും രേഷ്മ സെബാസ്റ്റ്യൻ പറഞ്ഞു. ഇത്തരം പോസ്റ്റുകൾ ആരെങ്കിലും പ്രചരിപ്പിത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തന്നെ അറിയിക്കണം എന്നും രേഷ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post