വാഷിംട്ഗൺ: ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ ഡി വാൻസിനെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻറ് നോമിനിയായി മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചിരിക്കുകയാണ്. ഒരുകാലത്ത് ട്രംപിൻറെ നയങ്ങൾക്കെതിരെ പരസ്യനിലപാടുകൾ സ്വീകരിച്ചിരുന്ന ആളായിരുന്നു വാൻസ്. അദ്ദേഹത്തെ നേരിട്ട് ട്രംപ് തന്നെ നോമിനിയാക്കിയതോടെ ചർച്ചകൾ കൊഴുക്കുകയാണ്. വാൻസിന്റെ ഇന്ത്യൻ ബന്ധവും ആളുകൾ ചർച്ചയാക്കുന്നുണ്ട്.
കലിഫോർണിയയിലെ സാൻ ഡിയാഗോയിൽ ജനിച്ച ഇന്ത്യൻ വംശജയായ ഉഷയാണ് വാൻസിൻറെ ഭാര്യ. ഇന്ത്യൻ വംശജയെന്ന നിലയിൽ നിലവിലെ വൈസ് പ്രസിഡൻറ് കമല ഹാരിസിന് ലഭ്യമായ ന്യൂനപക്ഷ പിന്തുണയും ഒരു പരിധി വരെ വാൻസിലൂടെ ട്രംപും റിപ്പബ്ലിക്കൻ ക്യാംപും ലക്ഷ്യമിടുന്നു.
പ്രചരണ സമയത്തെല്ലാം തനിക്ക് ഏറ്റവും പിന്തുണ നൽകിയ പ്രിയതമയെ കുറിച്ച് പറയാൻ വാൻസ് മടികാണിക്കാറില്ലായിരുന്നു. കഴിഞ്ഞ ആഴ്ച നൽകിയ ഒരഭിമുഖത്തിൽ, വ്യക്തിപരമായും തൊഴിൽപരമായും വെല്ലുവിളികൾ നേരിടാനും സ്വന്തം കത്തോലിക്കാ വിശ്വാസവുമായി പൊരുത്തപ്പെടാനും സഹായിച്ചതിന് ഭാര്യയ്ക്കും അവരുടെ ഹിന്ദു വിശ്വാസത്തിനും ആണ് വാൻസ് നന്ദി പറഞ്ഞത്.ഹിന്ദുവിശ്വാസികളായ കുടുംബത്തിൽ’ വളർന്ന ഉഷ, മതത്തിലൂടെയുള്ള സ്വയം കണ്ടെത്താനുള്ള തന്റെ യാത്രയിൽ ഭർത്താവിനെ പിന്തുണച്ചതിന്റെ ഒരു കാരണം മാതാപിതാക്കളുടെ സ്വാധീനമാണെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. എന്റെ മാതാപിതാക്കൾ ഹിന്ദുക്കളാണ്, അതാണ് അവരെ നല്ല മാതാപിതാക്കളും നല്ല ആളുകളും ആക്കി മാറ്റിയത്. അതിന്റെ ശക്തി ഞാൻ സ്വന്തം ജീവിതത്തിൽ കണ്ടിട്ടുണ്ട് ഉഷ പറഞ്ഞു. ജെഡി എന്തോ തിരയുകയാണെന്ന് എനിക്കറിയാമായിരുന്നു. ഇത് അദ്ദേഹത്തിന് ശരിയാണെന്ന് തോന്നിയെന്ന് അവർ പറഞ്ഞിരുന്നു.
ആന്ധ്രപ്രദേശിൽ വേരുകളുള്ള ഉഷ കലിഫോർണിയയിലാണ് ജനിച്ചത്. സാൻ ഡിയാഗോയിലായിരുന്നു കുട്ടിക്കാലം. റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാർമൽ ഹൈസ്കൂളിലായിരുന്നു പഠനം. 2013ൽ യേൽ ലോ സ്കൂളിലെ പഠനകാലത്താണു ജീവിതപങ്കാളി ജെ.ഡി.വാൻസിനെ കണ്ടുമുട്ടിയത്. നിയമബിരുദം നേടിയതിനു പിന്നാലെ 2014ൽ ഇരുവരും വിവാഹിതരായി. ഹിന്ദു പുരോഹിതനാണു ചടങ്ങിനു നേതൃത്വം നൽകിയത്. യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ ബിഎയും കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ എംഫിലും ഉഷ കരസ്ഥമാക്കി. യേൽ ലോ ജേണലിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് എഡിറ്ററായും യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്‌നോളജിയുടെ മാനേജിങ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആൻഡ് ഇൻഫർമേഷൻ ആക്സസ് ക്ലിനിക്, ഇറാഖി അഭയാർഥി സഹായ പദ്ധതി തുടങ്ങിയവയിലും സജീവമായിരുന്നു
അതേസമയം യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ വാൻസ് നിലവിൽ ഒഹായോ സെനറ്ററാണ്. വിദ്യാഭ്യാസവും, രാഷ്ട്രീയ പരിചയവുമുള്ള സ്ഥാനാർഥിയാണ് വൈസ് പ്രസിഡൻറ് നോമിനിയെന്ന് നേട്ടമാകുമെന്ന് തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടി പ്രതീക്ഷിക്കുന്നത്. സെനറ്ററായുള്ള പൊതുതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ടിം റയാനെയാണ് പരാജയപ്പെടുത്തിയത്. 2022 ലെ സെനറ്റ് മത്സരത്തിൽ വാൻസ് ട്രംപിന്റെ പിന്തുണ തേടിയിരുന്നു.
Discussion about this post