ശ്രീനഗർ: ജമ്മു കശ്മീരിൽ തുടർച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച് ബിജെപി. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിച്ചേ മതിയാകൂവെന്ന് ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുംഗ് പറഞ്ഞു. നമ്മുടെ ജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികർക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ നാട് മുഴുവൻ സൈനികരുടെ വീരമൃത്യുവിൽ തേങ്ങുകയാണ്. എന്നാൽ അതേസമയം പാകിസ്താന് ശക്തമായ മുന്നറിയിപ്പ് കൂടിയാണ് തരാൻ ആഗ്രഹിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സൈനികർവരിച്ച ജീവത്യാഗം ഒരിക്കലും പാഴാവില്ല. ഭീകരവാദത്തിനെതിരെ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കും. എല്ലാ ദുഷ്‌കർമ്മങ്ങൾക്കും പാകിസ്താൻ അർഹമായ വില നൽകേണ്ടിവരുമെന്നും തരുൺ ചുംഗ് കൂട്ടിച്ചേർത്തു.
രാജ്യത്തെ ഓരോ പൗരന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടുതന്നെ ഭീകരാക്രമണത്തിലൂടെ കാര്യങ്ങൾ സാധിച്ചെടുക്കാമെന്ന പാക് മോഹം നടക്കില്ല. അടിയ്ക്കടി നടത്തുന്ന ഭീകരവാദം കൊണ്ട് ആളുകളിൽ ഭയം നിറയ്ക്കാൻ പാകിസ്താന് കഴിഞ്ഞേക്കും. എന്നാൽ ഒരിക്കലും പാകിസ്താൻ വിജയിക്കാൻ പോകുന്നില്ലെന്നും തരുൺ ചുംഗ് പറഞ്ഞു.
Discussion about this post