പത്തനംതിട്ട : പത്തനംതിട്ടയിലെ സിപിഎം നേതാവും പീഡനക്കേസ് പ്രതിയുമായ സിസി സജിമോനെ വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം റദ്ദാക്കി സംസ്ഥാന നേതൃത്വം. സംഭവം വാർത്തയും വിവാദവും ആയതോടെയാണ് സിപിഎമ്മിന്റെ മലക്കം മറിച്ചിൽ. സജിമോന് തൽക്കാലം പ്രാഥമിക അംഗത്വം മാത്രം നൽകിയാൽ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.
തിരുവല്ല ഏരിയ കമ്മിറ്റി ആയിരുന്നു പീഡനക്കേസ് പ്രതിയായ സിസി സജിമോനെ സിപിഎം ലോക്കൽ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയിരുന്നത്. ഏരിയ കമ്മിറ്റിയുടെ ഈ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോൾ സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്. തിരുവല്ലയിലെ സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ എതിർപക്ഷം പരസ്യമായി രംഗത്ത് വന്നതും സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്ക് കാരണമായിട്ടുണ്ട്.
തിരുവല്ല ലോക്കൽ കമ്മിറ്റിയിൽ നിന്ന് തന്നെ സംസ്ഥാന നേതൃത്വത്തിന് ധാരാളം പരാതികൾ ലഭിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് സിസി സജിമോന്റെ ലോക്കൽ കമ്മിറ്റി അംഗത്വം തൽക്കാലം വേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സജിമോന് എതിരായ കേസുകൾ വിചാരണ ഘട്ടത്തിൽ ഇരിക്കുന്നതിനാൽ തൽക്കാലം പാർട്ടിയുടെ പ്രാഥമിക അംഗത്വം മാത്രം നൽകിയാൽ മതി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.
Discussion about this post