അബുദാബി : ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് ദുബായ് രാജകുമാരി. പ്രിയപ്പെട്ട ഭർത്താവേ, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു എന്ന് മൂന്ന് തവണ പറഞ്ഞുകൊണ്ടാണ് രാജകുമാരി തന്റെ വിവാഹമോചനം പ്രഖ്യാപിച്ചത്.
ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്ന് വിവാഹമോചനം നേടിയതായി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പരസ്യമായി പ്രഖ്യാപിച്ചത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദിന്റെ മകളാണ് ഷെയ്ഖ മഹ്‌റ. തങ്ങളുടെ ആദ്യത്തെ കുഞ്ഞിൻ്റെ ജനനം ആഘോഷിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് രാജകുമാരിയുടെ ഈ അപ്രതീക്ഷിത വിവാഹമോചന പ്രഖ്യാപനം. എന്നാൽ ദുബായ് രാജകുമാരിയുടെ വിവാഹമോചന പ്രഖ്യാപനം ഇസ്ലാമിക നിയമങ്ങൾക്ക് എതിരാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഭർത്താവ് എപ്പോഴും സുഹൃത്തുക്കളുമായി തിരക്കിൽ ആയതിനാലാണ് വിവാഹമോചനം എന്നാണ് ഷെയ്ഖ മഹ്റ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നൽകുന്ന സൂചന. 2023-ൽ ആയിരുന്നു ദുബായ് രാജകുമാരിയുടെ ആഡംബരപൂർണമായ വിവാഹം. ഇൻസ്റ്റഗ്രാമിലെ രാജകുമാരിയുടെ പോസ്റ്റ് കണ്ടപ്പോൾ ആദ്യം അക്കൗണ്ട് ഹാക്ക് ആയിപ്പോയതാണോ എന്ന് പോലും അറബ് ലോകം അതിശയിച്ചു. എന്നാൽ പിന്നീടുള്ള പരിശോധനയിൽ രാജകുമാരിയും ഭർത്താവും പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post