ശ്രനീഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡ ജില്ലയിലെ കാസ്തിഗർ പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്നലെ പുലർച്ചെ ദോഡയിലെ ഭട്ടാ മേഖലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. വനമേഖലയിൽ ഒളിച്ചിരുന്നാണ് ഭീകരർ ആക്രമണം നടത്തിയത്. ഭീകരസാന്നിദ്ധ്യം അറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഇവർ വെടിയുതിർത്തു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. സൈനികരുടെ പ്രത്യാക്രമണത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ ഇവർ കടന്നുകളയുകയായിരുന്നു.
ദോഡ ജില്ലയിലെ വനമേഖലയിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ നാല് സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, സിപോയ് ബിജേന്ദ്ര, സിപോയ് അജയ് നരുക എന്നിവരാണ് വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ദോഡ ടൗണിൽ നിന്ന് 55 കിലോമീറ്റർ അകലെ ദേശ ഫോറസ്റ്റ് ബെൽറ്റിലെ ധാരി ഗോട്ടെ ഉരാർബാഗിയിൽ രാഷ്ട്രീയ റൈഫിൾസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
വെടിവെയ്പ്പിന് ശേഷം ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അവരെ പിന്തുടരുകയായിരുന്നു. തുടർന്ന് രാത്രി 9 മണിയോടെ വനത്തിൽ മറ്റൊരു വെടിവെയ്പ്പ് ഉണ്ടായി. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേർ പിന്നീട് വീരമൃത്യു വരിക്കുകയായിരുന്നു.
Discussion about this post