ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ രാവിലെ മുതൽ തുടരുന്ന ഏറ്റുമുട്ടലിൽ ജവാന്മാർക്ക് പരിക്ക്. ഭീകരരുടെ വെടിയേറ്റ് രണ്ട് ജവാന്മാർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ദോഡയിലെ കസ്തിഗഡ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സുരക്ഷാ സേന ഇവിടെയെത്തിയത്. എന്നാൽ പരിശോധനയ്ക്കിടെ ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ദോഡയിൽ നാല് സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണം നടത്തിയ ഭീകരരാണ് ഇവരെന്നാണ് സൂചന. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ജവാന്മാരുടെ പരിക്കുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ദോഡയിലെ ദേസ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിലാണ് നാല് ജവാന്മാർ വീരമൃത്യുവരിച്ചത്. തിങ്കളാഴ്ചയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് തമ്പടിച്ചിട്ടുള്ള ഭീകരരെ പിടികൂടാൻ വ്യാപക പരിശോധനയാണ് സുരക്ഷാ സേന നടത്തുന്നത്.











