റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് വീരമൃത്യു. നാല് പേർക്ക് പരിക്കേറ്റു. ബിജാപൂർ ജില്ലയിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ, കോൺസ്റ്റബിൾ സത്തേർ സിംഗ് എന്നിവരാണ് വീരമൃതുവരിച്ചത്. ടെരാം പോലീസ് സ്‌റ്റേഷൻ പരിധിയിലെ മന്ദിമർക വനമേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധനയ്ക്കിടെ ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിയ്ക്കുകയായിരുന്നു. പൈപ്പിനുള്ളിലായിരുന്നു സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്.
സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ കോൺസ്റ്റബിൾമാരായ പുരുഷോത്തം നാംഗ്, കോമൾ യാദവ്, സിയാറാം സോറി, സഞ്ജയ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് പരിശോധന കൂടുതൽ ശക്തമാക്കി. പ്രതികളായ കമ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post