എറണാകുളം : പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേരള ഹൈക്കോടതിയുടെ വധശിക്ഷ വിധിക്കെതിരെ അമീറുൾ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീംകോടതിയിലുള്ള ഹർജി തീർപ്പാക്കുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനും സഞ്ജയ് കരോൾ, കെ വി വിശ്വനാഥൻ എന്നിവർ അംഗങ്ങളുമായ ബഞ്ച് വിധി പുറപ്പെടുവിച്ചു.
അമീറുൾ ഇസ്ലാം തടവിൽ കഴിഞ്ഞിരുന്ന ജയിലുകളിൽ നിന്നുള്ള റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. പ്രതിയുടെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഇതിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക ബോർഡ് രൂപവൽക്കരിച്ച് പ്രതിയുടെ മാനസിക പരിശോധന നടത്തണമെന്നും റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിൽ നിർദ്ദേശമുണ്ട്.
കേസിൽ അന്തിമ വിധി വരുന്നത് വരെയാകും വധശിക്ഷ സ്റ്റേ ചെയ്ത നടപടിക്ക് പ്രാബല്യം ഉണ്ടാവുക. കേസിൽ തുടർവാദം കേൾക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ള മറുപടിയും കേസുമായി ബന്ധപ്പെട്ട മറ്റു രേഖകളും ലഭ്യമാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. ബന്ധപ്പെട്ട എല്ലാ രേഖകളും സുപ്രീംകോടതിയിലേക്ക് കൈമാറാൻ ഹൈക്കോടതിയോടും വിചാരണ കോടതിയോടും നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post