തിരുവനന്തപുരം : കേരളത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. അടുത്ത അഞ്ചുദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് പുതിയ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്ന് മാത്രം മഴക്കെടുതിയെ തുടർന്ന് രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോട്ടയം മാളിയേകടവിൽ താറാവ് കർഷകനായ പടിയറക്കടവ് സ്വദേശി സദാനന്ദൻ (65) മുങ്ങി മരിച്ചു. മലപ്പുറത്ത് ക്വാറിയിൽ വീണ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തിയിരുന്നു. ഒഡീഷാ സ്വദേശിയായ ദിഷക് മാണ്ഡ്യക് (21) ആണ് മരിച്ചത്. കൂടാതെ മരം കടപുഴകി വീണും ഒഴുക്കിൽപെട്ടും നിരവധി അപകടങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ 3 ജില്ലകളിൽ റെഡ് അലർട്ടും 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കേരളത്തിലെ മറ്റുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post