തിരുവനന്തപുരം : കേരളത്തിൽ വാഹന പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ നിർബന്ധമായും പുക പരിശോധന സർട്ടിഫിക്കറ്റ് കരുതണമെന്നും എം വി ഡി അറിയിച്ചു. കാലാവധി കഴിയാത്ത പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യഘട്ടത്തിൽ 2000 രൂപ പിഴ ഈടാക്കുന്നതായിരിക്കും.
രണ്ടാമത് ഒരിക്കൽ കൂടി പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം പിടികൂടിപ്പെട്ടാൽ പതിനായിരം രൂപയായിരിക്കും പിഴ ഒടുക്കേണ്ടി വരിക. എല്ലാ വാഹനങ്ങളുടെയും പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായും പരിശോധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങൾ അനുവദനീയമല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എല്ലാ സർട്ടിഫിക്കറ്റുകളും ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എം വി ഡി നിർദേശമുണ്ട്. ലൈസൻസ്, ഇൻഷുറൻസ്, നമ്പർ പ്ലേറ്റിലെ രൂപമാറ്റം, കൂളിംഗ് ഫിലിം ഒട്ടിച്ചത് തുടങ്ങിയ എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടതാണ്. കേരള നിരത്തിൽ സഞ്ചരിക്കുന്ന പല വാഹനങ്ങളിലും അടുത്തകാലത്ത് പുക പരിശോധന നടത്തിയിട്ടില്ല എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
Discussion about this post