ന്യൂഡൽഹി : ജമ്മു കശ്മീരിനെ വീണ്ടും ഭീകരരുടെ താവളമാക്കി മാറ്റാനുള്ള കുതന്ത്രങ്ങളാണ് പാകിസ്താൻ നടത്തിക്കൊണ്ടിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും എന്നുവേണ്ട, പേരിൽ വരെ വ്യത്യാസങ്ങൾ വരുത്തിക്കൊണ്ട് നടത്തുന്ന ആക്രമങ്ങൾ ലക്ഷ്യം വയ്ക്കുന്നത് കശ്മീരിലെ യുവ തലമുറയെ ആണ്. പണ്ട് മുസ്ലീം ഛായയുള്ള പേരുകളാണ് ഭീകര സംഘടനകൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നതിൽ അവർ മാറ്റങ്ങൾ കൊണ്ടുവരുന്നു. ദി റസിസ്റ്റൻസ് ഫ്രണ്ട്, കശ്മീർ ടൈഗേഴ്‌സ്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ജമ്മു കശ്മീർ, ജമ്മു കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ് എന്നിങ്ങനെ പുതിയ പേരുകൾ ഭീകര സംഘടനകൾ ഉപയോഗിക്കാൻ ആരംഭിച്ചിരിക്കുകയാണ്.
എന്താണ് ഈ മനംമാറ്റത്തിന് പിന്നിൽ? ആരാണ് കശ്മീർ ടൈഗേഴ്‌സ്? ജയ്‌ഷെ മുഹമ്മദ്, അള്ളാ ടൈഗേഴ്‌സ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ പേരുകൾ വേണ്ടെന്ന് വയ്ക്കുന്നതിലൂടെ ഇസ്ലാമിക ഭീകരത എന്ന പേരുദോഷം മാറ്റുക എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യം. ഇതിലൂടെ പ്രാദേശിക പിന്തുണയും ജനങ്ങളുടെ സഹകരണവും ഉറപ്പാക്കുക എന്ന ലക്ഷ്യവുമുണ്ട്.
നേരത്തെ പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദും ഹിസ്ബുൾ മുജാഹിദ്ദീനുമാണ് ഏറ്റെടുത്തിരുന്നതെങ്കിൽ, പിന്നീടത് ദി റസിസ്റ്റൻഡ്‌സ് ഫ്രണ്ട് ആയി മാറി. ഇപ്പോൾ ഇത്തരം ഭീകരാക്രമണങ്ങൾ നടത്തുന്നത്് കശ്മീർ ടൈഗേഴ്‌സ് ആണ്. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നിഴൽ സംഘടനയാണിത്.
2001 ൽ ആരംഭിച്ചതിന് പിന്നാലെ ജമ്മു കശ്മീർ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ ഇതിനെ വിദേശ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി. ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൂടുതൽ ആക്രമണങ്ങൾ നടത്താൻ ജെയ്‌ഷെ കൂടുതൽ ചെറുസംഘടനകളെ സൃഷ്ടിച്ചത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 2021 ജനുവരിയിൽ ശ്രീനഗറിൽ പോലീസ് ബസ് ആക്രമിക്കുകയും മൂന്ന് സൈനികർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് കശ്മീർ ടൈഗേഴ്‌സ് വരവറിയിച്ചത്. പിന്നീട് ജമ്മുവിലും കശ്മീരിലുമായി നിരവധി ആക്രമണങ്ങൾ നടത്തി. ദോഡയിലുൾപ്പെടെ കഴിഞ്ഞയാഴ്ച നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വവും കശ്മീർ ടൈഗേഴ്‌സ് ഏറ്റെടുത്തിട്ടുണ്ട്.
”പുതിയ ഗ്രൂപ്പുകൾ എന്ന് പറയപ്പെടുന്നവ, ലഷ്‌കറിന്റെയും ജെയ്ഷെ മുഹമ്മദിന്റെയും മുൻനിര സംഘടനകൾ മാത്രമാണ്. പേരിൽ മാത്രമാണ് അവർ മതേതരത്വം കൊണ്ടുവന്നിരിക്കുന്നത്, ലക്ഷ്യം ഒന്ന് തന്നെ. മതത്തേക്കാൾ രാഷ്ട്രീയമായ പ്രതിച്ഛായ കൊണ്ടുവരാനാണ് അവർ പുതിയ പേരുകൾ സ്വീകരിക്കുന്നത്” എന്ന് പോലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കശ്മീർ ടൈഗേഴ്‌സ് എന്നാണ് പേരെങ്കിലും ഇവർ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത് ജമ്മുവിലാണ്. പൂഞ്ച്, രജൗരി, കത്വ, ദോഡ എന്നീ പ്രദേശങ്ങളാണ് ഭീകരർ ലക്ഷ്യമിടുന്നത്. ജമ്മുവിലെ പർവ്വതങ്ങളും വനങ്ങളും നിറഞ്ഞ ദുർഘടമായ ഭൂപ്രകൃതി സൈന്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇത് തന്നെയാണ് ഭീകരരെ ഇവിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post