വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യം ഉയരുന്നതിനിടെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടായാൽ ഡോണൾഡ് ട്രംപിനെതിരായ മത്സരത്തിൽ തുടരാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നാണു ബൈഡന്റെ പ്രഖ്യാപനം. എനിക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ, നിങ്ങൾക്ക് പ്രശ്‌നമുണ്ട് എന്നു ഡോക്ടർമാർ പറഞ്ഞാൽ, ഞാനതു പുനഃപരിശോധിക്കും” എന്നാണു മത്സരത്തിൽനിന്നു പിന്മാറുമോയെന്ന ചോദ്യത്തിനു ബൈഡൻ മറുപടി നൽകിയത്.
മുൻ സംവാദത്തിൽ തന്റേതു മോശം പ്രകടനമായിരുന്നെന്നു ബൈഡൻ അഭിമുഖത്തിൽ സമ്മതിച്ചു. പ്രായമേറുമ്പോൾ അതുകൊണ്ടുവരുന്ന ഒരേയൊരു കാര്യം അൽപം ജ്ഞാനമാണ്. രാജ്യത്തിനു വേണ്ടി കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് എനിക്കറിയാമെന്നു കരുതുന്നതായും ബൈഡൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബൈഡനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.ആരോഗ്യവാനാണെന്നും ഐസലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതയ്ക്കു വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാകുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
അതേസമയം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ പിൻമാറിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുകയാണ്. ഇതുസംബന്ധിച്ച പ്രസ്താവന ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.മുൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക്ക് ഷൂമർ എന്നിവർ ബൈഡൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Discussion about this post