അബുദാബി : യുഎഇയിലെ റിയാലിറ്റി ഷോയിൽ നിന്നും ലഭിച്ച കോടികളുടെ സമ്മാനത്തിന് ജീവൻ കാക്കാൻ കഴിഞ്ഞില്ല. പ്രശസ്ത യമനി കവിയായ ആമിർ ബിൻ അംറ് ബൽഉബൈദ് മരുഭൂമിയിൽ വഴിതെറ്റി വെള്ളം കിട്ടാതെ മരിച്ചു. തെക്ക് കിഴക്കൻ യമനിലെ ഷബ്‌വ ഗവർണറേറ്റിലുള്ള മരുഭൂമിയിൽ നിന്നുമാണ് ആമിറിന്റെ മൃതദേഹം കണ്ടെത്തിയത്.
16 വർഷം മുൻപ് യുഎഇയിൽ നടന്ന മില്ല്യൻസ് പോയറ്റ് എന്ന റിയാലിറ്റി ഷോ മത്സരത്തിലെ രണ്ടാം സ്ഥാനക്കാരൻ ആയിരുന്നു ആമിർ. വലിയൊരു തുക തന്നെ ഈ മത്സരത്തിനുശേഷം ഇദ്ദേഹത്തിന് സമ്മാനമായി ലഭിക്കുകയും ചെയ്തു. തുടർന്ന് ഒരു പതിറ്റാണ്ടിലേറെ യുഎഇയിൽ താമസമാക്കിയ ആമിർ 2021ലാണ് യമനിലേക്ക് തിരിച്ചെത്തിയത്.
ജീവിതത്തിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്ന കവിതകളാണ് ആമിറിന്റെ ഓരോ കൃതികളും. സ്വദേശമായ ഷബ്‌വയിൽ നിന്ന് ഹാദാർമൗത്തിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ ആയിരുന്നു ആമിറിന് അൽ അഖ്ല മരുഭൂമിയിൽ വെച്ച് വഴിതെറ്റിയത്. ദിവസങ്ങൾക്ക് ശേഷം മേഖലയിലെ ഗോത്രവർഗ്ഗ വിഭാഗക്കാരാണ് ഇദ്ദേഹത്തിന്റെ മൃതദേഹവും ബാഗും മൊബൈൽ ഫോണും മരുഭൂമിയിൽ നിന്നും കണ്ടെത്തിയത്. മരുഭൂമിയിൽ ആളുകൾ വഴിതെറ്റി വെള്ളം ലഭിക്കാതെ മരണപ്പെടുന്നത് കിഴക്കൻ യമനിൽ ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുന്നു എന്നാണ് അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post