തിരുവനന്തപുരം : വരുന്ന തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടതുകയ്യിയിലെ നടുവിരലിൽ മഷി പുരട്ടണമെന്ന് നിർദേശം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് നിർദ്ദേശം നൽകിയത്. ജൂലൈ 30ന് നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാണ് വോട്ട് ചെയ്യാൻ എത്തുന്നവരുടെ ഇടതു കൈയിലെ നടുവിരലിൽ ആയിരിക്കണം മഷി പുരട്ടേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.
സാധാരണഗതിയിൽ വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിലാണ് മായാത്ത മഷി പുരട്ടാറുള്ളത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ഈ വിരലിൽ പുരട്ടിയ മഷി പലർക്കും മാഞ്ഞു പോയിട്ടില്ല എന്നുള്ള കാരണത്താലാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നടുവിരലിൽ മഷി പുരട്ടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്.
ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മാത്രമായിരിക്കും ഈ നിർദ്ദേശം പ്രാബല്യത്തിൽ ഉള്ളത്. സംസ്ഥാനത്തെ 49 തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിവിധ വാർഡുകളിലേക്കാണ് ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Discussion about this post