തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വസ്തുതകൾ മറച്ചു വെച്ചിട്ട് കാര്യമില്ല. കുറ്റം ചെയ്തവർ ഇടതുപക്ഷത്ത് തന്നെയുണ്ട്. അവർ തിരുത്താൻ തയ്യാറാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇടതുപക്ഷം കൃത്യമായി മുൻഗണനകൾ നിശ്ചയിക്കണം. പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനം ഇല്ലാതായതുമെല്ലാം തിരിച്ചടിയായി. ജനം നൽകിയ ഈ മുന്നറിയിപ്പ് ഇനിയെങ്കിലും തിരിച്ചറിയണം. തൃശ്ശൂരിൽ എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് വോട്ട് കൂടി. വെറുപ്പിന്റെ രാഷ്ട്രീയമാണ് തൃശ്ശൂരിൽ വിജയിച്ചത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
അതേസമയം സിപിഎമ്മും സിപിഐയും ജനഹൃദയങ്ങളിൽ നിന്നും അകന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ അഭിപ്രായമുയർന്നു. ഇരു പാർട്ടികളുടെയും അടിത്തറ തകർന്നു. ബൂത്തിൽ ഇരിക്കാൻ ആളില്ലാത്ത ഇടങ്ങളിൽ പോലും ബിജെപി വോട്ട് പിടിച്ചു. ഇങ്ങനെ പോയാൽ കേരളത്തിലെ ഇടതുപക്ഷം ബംഗാളിന്റെ പാതയിൽ എത്തുമെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു.
Discussion about this post