ന്യൂഡൽഹി രാജ്യത്തെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് ഉത്തരവാദിത്തമുള്ള ഐബിയുടെ മൾട്ടി-ഏജൻസി സെൻ്ററിൻ്റെ (എംഎസി) പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി ഉന്നത തല യോഗം വിളിച്ചു ചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെള്ളിയാഴ്ച വിവിധ സുരക്ഷാ മേധാവികളുമായും നിയമ നിർവ്വഹണ ഏജൻസികളുമായുമാണ് ഉന്നതതല യോഗം ന്യൂഡൽഹിയിൽ ചേർന്നത്.
രാജ്യത്ത് ഉയർന്നുവരുന്ന സുരക്ഷാ ഭീഷണിയെ നേരിടാൻ തീവ്രവാദ ശൃംഖലകളെയും അവയുടെ പിന്തുണ നൽകുന്ന സംവിധാനങ്ങളെയും തകർക്കാൻ എല്ലാ ഏജൻസികളും തമ്മിൽ കൂടുതൽ ഏകോപനം നടത്തണമെന്ന് സുപ്രധാന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു.
“പുതിയതും ഉയർന്നുവരുന്നതുമായ സുരക്ഷാ വെല്ലുവിളികളോടുള്ള പ്രതികരണത്തിൽ ഞങ്ങൾ എപ്പോഴും ഒരു പടി മുന്നിലായിരിക്കണം,” അമിത് ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.
രാജ്യത്തുടനീളമുള്ള ഇൻ്റലിജൻസ്, എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾ ഉൾപ്പെടെ വിവിധ സുരക്ഷാ ഏജൻസികളുടെ മേധാവികളോട് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊള്ളുന്ന സമഗ്രമായ സമീപനം തന്നെ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.
Discussion about this post