റാഞ്ചി : ജാർഖണ്ഡിൽ വനവാസി ജനസംഖ്യയിൽ അടുത്തകാലത്തായി വലിയ രീതിയിൽ കുറവ് വന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാഞ്ചിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ലൗ ജിഹാദും ലാൻഡ് ജിഹാദും ഒരുമിച്ച് പ്രവർത്തിക്കുകയാണ് ജാർഖണ്ഡിൽ ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“വനവാസി ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ പെട്ട പെൺകുട്ടികളെയും സ്ത്രീകളെയും അവർ ആദ്യം പ്രണയ കെണിയിൽ വീഴ്ത്തുന്നു. പിന്നീട് അവരുടെ ഭൂമി സ്വന്തമാക്കുന്നു. ഇതാണ് ഇപ്പോൾ ജാർഖണ്ഡിൽ നടക്കുന്നത്. ജാർഖണ്ഡിനെ ഈ അവസ്ഥയിൽ എത്തിച്ചതിന്റെ പ്രധാന കാരണം മുഖ്യമന്ത്രി ഹേമന്ദ് സോറൻ ആണ്” എന്നും അമിത് ഷാ വിമർശിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിൽ 52ലും ജയിക്കാൻ കഴിഞ്ഞതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിലും ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ബിജെപിക്ക് ആത്മവിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാഞ്ചിയിൽ നടന്ന പ്രവർത്തകസമിതി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടൊപ്പം കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ കേന്ദ്രമന്ത്രി അർജുൻ മുണ്ട, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരും പങ്കെടുത്തു.
Discussion about this post