കോഴിക്കോട് : മലപ്പുറത്ത് നിപ ബാധിച്ച 14 വയസ്സുകാരനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ചികിത്സയ്ക്ക് ആവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബിൽ നിന്നും കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ തന്നെ ഇത് കേരളത്തിൽ എത്തുന്നതായിരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരനാണ് നിപ സ്ഥിരീകരിച്ചത്. ശനിയാഴ്ച വൈകിട്ട് പൂനെ വൈറോളജി ലാബിൽ നിന്നും ലഭിച്ച ഫലത്തിൽ നിപ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും ഐസൊലേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാനും ആരംഭിച്ചിട്ടുണ്ട്.
നിപയെ നേരിടാൻ ആരോഗ്യവകുപ്പ് പൂർണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. 6 ബെഡുകൾ ഉള്ള ഐസിയുവും പ്രത്യേകമായ സജ്ജീകരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ വീടുമായി മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Discussion about this post