ന്യൂഡൽഹി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന സൂത്രധാരനെന്ന് കരുതുന്നയാളും രണ്ട് എം.ബി.ബി.എസ് വിദ്യാർഥികളും അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് സി ബി ഐ. ജംഷേദ്പുർ എൻ.ഐ.ടിയില്‍നിന്നുള്ള ബി ടെക് ബിരുദധാരിയുമായ ശശികാന്ത് പസ്വാൻ ആണ് സി.ബി.ഐയുടെ പിടിയിലായത്.
ഭരത്പൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ കുമാർ മംഗളം ബിഷ്‌ണോയി, ദീപേന്ദർ കുമാർ എന്നിവരാണ് കടലാസ് ചോർച്ച കേസിൽ അറസ്റ്റിലായ മറ്റു രണ്ടുപേർ. ചോദ്യപേപ്പറിലെ ഉത്തരം കണ്ടെത്തുകയായിരുന്നു ഇവരുടെ റോൾ. നേരത്തെ അറസ്റ്റിലായ എഞ്ചിനീയറായ പങ്കജ് കുമാർ മോഷ്ടിച്ച പേപ്പറിൻ്റെ ‘ഉത്തരം കണ്ടെത്തുന്നവരായി ‘ ബിഷ്ണോയിയും ശർമ്മയും പ്രവർത്തിച്ചതായാണ് സി ബി ഐ വെളിപ്പെടുത്തിയത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജൂലായ് 18-ന് പട്‌ന എയിംസിലെ നാല് എം.ബി.ബി.എസ്. വിദ്യാര്‍ഥികളെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി നിലവിൽ സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതോടു കൂടി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആറ് കേസുകളിൽ ഇതുവരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 21 ആയി.
Discussion about this post