മലപ്പുറം : മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലു വയസ്സുകാരന് നിപ സ്ഥിരീകരിച്ച സംഭവത്തിൽ കുട്ടിയുടെ റൂട്ട് മാപ്പ് സങ്കീർണമെന്ന് റിപ്പോർട്ട്. രോഗബാധിതനായ കുട്ടി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. നിലവിൽ ആരോഗ്യവകുപ്പ് രണ്ട് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 214 പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുമുണ്ട്.
നിപ സ്ഥിരീകരിച്ച 14 വയസ്സുകാരന്റെ സമ്പർക്ക പട്ടിക അനുസരിച്ച് 214 പേരെയാണ് ഇതുവരെ നിരീക്ഷണത്തിൽ ആക്കിയിട്ടുള്ളത്. ഇവരിൽ 60 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് പെടുന്നത്. നിപ ബാധിച്ച കുട്ടിയുടെ അമ്മ, അച്ഛൻ, അമ്മാവൻ എന്നിവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.
കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരോടും നഴ്സുമാരോടും ക്വാറന്റീനിൽ പ്രവേശിക്കാനും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിക്കും പനി ബാധിച്ചിട്ടുള്ളത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ കുട്ടിയുടെ ശ്രമം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Discussion about this post