ബംഗളൂരു : കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ തുടങ്ങി. അർജുനെ കണ്ടെത്താൻ സൈന്യമിറങ്ങും. കർണാടക സർക്കാർ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും ഇന്ന് ഷിരൂരിലെത്തുക. രാവിലെ 11ഓടെ സൈന്യം എത്തുമെന്നാണ് വിവരം. എൻഡിആർഎഫ് സംഘവുമായി സൈന്യം ചർച്ച നടത്തും. മണ്ണിന്റെ ഘടന കാലാവസ്ഥ മണ്ണിടിച്ചിൽ സാധ്യത എന്നിവയും സൈന്യം പരിശോധിക്കും.
തിരച്ചലിന് ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉൾപ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റർ താഴെ ലോഹഭാഗത്തിൻറെ സാന്നിധ്യം ഇന്നലെ റഡാറിൽ പതിഞ്ഞിരുന്നു .റഡാറിൽ ലോഹഭാഗം തെളിഞ്ഞ സ്ഥലത്ത് മണ്ണ് മാറ്റി പരിശോധിക്കും. കൂടുതൽ ആഴത്തിൽ മണ്ണ് മാറ്റിയായിരിക്കും ഇന്ന് പരിശേധിക്കുക.
ലോറി ലൊക്കേറ്റ് ചെയ്താൽ അടുത്തെത്താൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് രക്ഷാപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന രഞ്ജിത്ത് ഇസ്രായേൽ പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 2 .30 ഓടെ എത്തുമെന്ന് അങ്കോല എംഎൽഎ പറഞ്ഞു. അതേസമയം ഷിരൂരിൽ ഇന്നലെ രാത്രിയിലും കനത്ത മഴയായിരുന്നു.
Discussion about this post