മംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജ്ജുന്റെ രക്ഷാ പ്രവർത്തനത്തിൽ പ്രതിസന്ധി. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് അർജ്ജുന്റെ ലോറി ഇല്ല എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈര ഗൗഡയാണ് സ്ഥിരീകരിച്ചത്. അതേസമയം ഇനി കൂടുതൽ മണ്ണ് നീക്കം ചെയ്യാനാകില്ലെന്നും മന്ത്രി തുറന്നു പറഞ്ഞു.
പ്രദേശത്തെ 98 ശതമാനം മണ്ണും നീക്കിയ സാഹചര്യത്തിലാണിത് . മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ ഇതിൽ കൂടുതൽ മണ്ണെടുക്കാനാകില്ല. ഇനിയും മണ്ണ് നീക്കിയാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് മുന്നോട്ടുള്ള പരിശോധന സൈന്യത്തിന്റെ തീരുമാനപ്രകാരമായിരിക്കും.
അതേസമയം പുഴയിലെ പരിശോധന അതിസങ്കീർണമാണ് എന്ന വിവരമാണ് ലഭിക്കുന്നത് . പരിശോധന തുടരുന്നതിൽ നാവികസേനയുടെ നിർദേശത്തിനായി കാക്കുകയാണ് അധികാരികൾ. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്തെ ഗംഗാവലി പുഴയിൽ അർജുനായുള്ള തിരച്ചിൽ നടത്താനുള്ള ആലോചനയിലാണ് നിലവിൽ അധികൃതർ.
Discussion about this post