കൊൽക്കത്ത : ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ ഇരകളായവർക്ക് അഭയം നൽകാൻ പശ്ചിമബംഗാൾ തയ്യാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഭയാർത്ഥികളെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. ബംഗാളിന്റെ വാതിലിൽ മുട്ടുന്നവർക്ക് എന്നും അഭയം നൽകുമെന്നും മമത ബാനർജി വ്യക്തമാക്കി.
ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ ബന്ധുക്കൾ കുടുങ്ങിക്കിടക്കുന്ന ബംഗാളിൽ ഉള്ളവർക്ക് എല്ലാ സഹകരണവും ഉറപ്പുവരുത്തും എന്നും മമത ബാനർജി സൂചിപ്പിച്ചു. ബംഗ്ലാദേശ് മറ്റൊരു രാജ്യമായതിനാൽ എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ കഴിയില്ല. ഇന്ത്യൻ സർക്കാർ ആണ് അതിനെക്കുറിച്ച് സംസാരിക്കേണ്ടത്. എന്നാൽ അഭയാർത്ഥികളെ ഞങ്ങൾ ബഹുമാനിക്കുന്നു. അവർ ഞങ്ങൾക്ക് അടുത്തേക്ക് വന്നാൽ തീർച്ചയായും അഭയം നൽകും എന്നും മമത ബാനർജി അറിയിച്ചു.
ബംഗ്ലാദേശിലെ സംവരണ ഉത്തരവിനെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. 1971ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30% സംവരണം ഏർപ്പെടുത്തിയതിനെതിരെ ആണ് പ്രക്ഷോഭം നടക്കുന്നത്. ധാക്ക സർവകലാശാലയിൽ നിന്നും ആരംഭിച്ച പ്രതിഷേധം പിന്നീട് വലിയ സംഘർഷവും പ്രക്ഷോഭവും ആയി മാറുകയായിരുന്നു. ഇതുവരെയായി 133 പേരാണ് ബംഗ്ലാദേശിലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്.
Discussion about this post