ന്യൂഡൽഹി: സാമ്പത്തിക സർവ്വേ ലോക്‌സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം (202425) 6.5നും 7 ശതമാനത്തിനും ഇടയിൽ ജിഡിപി വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ2024 റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2022-23ൽ 7 ശതമാനവും 202324ൽ ഇന്ത്യ 8.2 ശതമാനവും വളർന്നിരുന്നു. ഇന്ത്യ നടപ്പുവർഷം 7.2 ശതമാനം വളരുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഇന്ത്യ 7 ശതമാനം വളരുമെന്ന് അടുത്തിടെ ഐഎംഎഫും ഏഷ്യൻ വികസന ബാങ്കും (എഡിബി) വിലയിരുത്തിയിരുന്നു.
വെല്ലുവിളികൾക്കിടയിലും ഇന്ത്യയ്ക്ക് സാമ്പത്തികമായി ഏറെ മുന്നേറാൻ സാധിച്ചെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുകയും വികസിക്കുകയും ചെയ്തു.
കേന്ദ്രസർക്കാരിന്റെ ധനബാലൻസ് ക്രമാനുഗതമായി മെച്ചപ്പെട്ടു. പരിഷ്‌കാരങ്ങൾ, ചെലവ് നിയന്ത്രണം, വർദ്ധിച്ചുവരുന്ന ഡിജിറ്റലൈസേഷൻ എന്നിവ വഴി കൂടുതൽ നികുതി പിരിക്കാൻ കഴിഞ്ഞതാണ് ബാലൻസ് മെച്ചപ്പെടാൻ സഹായിച്ചത്. ആഗോളതലത്തിൽ ചരക്കുകളുടെ ആവശ്യകത കുറഞ്ഞത് വഴി ഉണ്ടായ സമ്മർദ്ദം സേവന കയറ്റുമതിയിലൂടെ മറികടന്നു. ഇതിന്റെ ഫലമായി കറന്റ് അക്കൗണ്ട് കമ്മി 0.7 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. 2023 സാമ്പത്തികവർഷത്തിൽ ഇത് രണ്ടു ശതമാനമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകന റിപ്പോർട്ടാണ് സാമ്പത്തിക സർവേ. രാജ്യത്തിൻറെ കഴിഞ്ഞ ഒരു വർഷക്കാലത്തെ സാമ്പത്തിക മേഖലയുടെ അവലോകന റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിൻറെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേഷ്വരൻറെ നേതൃത്വത്തിൽ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിനു കീഴിലെ ഇക്കണോമിക് ഡിവിഷൻ തയാറാക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട്.
സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, സമൃദ്ധിയുടെ ഇടയിലുള്ള സ്ഥിരത, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും, സാമൂഹിക മേഖല, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മാനേജ്‌മെന്റ്, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ, സേവന മേഖല, അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
Discussion about this post