ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. കോൺഗ്രസ് വന്ദേ മാതരത്തെ ആവർത്തിച്ച് അധിക്ഷേപിക്കുകയും നിരവധി വിട്ടുവീഴ്ചകളും വെട്ടിത്തിരുത്തലുകളും നടത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ വ്യക്തമാക്കി. മുസ്ലിം ലീഗിന് മുൻപിലുള്ള കോൺഗ്രസിന്റെ കീഴടങ്ങൽ ആയിരുന്നു വന്ദേ മാതരത്തിലെ വെട്ടൽ എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. വന്ദേമാതരം മുസ്ലീങ്ങളെ പ്രകോപിപ്പിക്കുമെന്ന് നെഹ്‌റു വിശ്വസിച്ചിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട്, ജവഹർലാൽ നെഹ്‌റുവും നേതാജി സുഭാഷ് ചന്ദ്രബോസുമായുള്ള കത്തിടപാടുകളും പ്രധാനമന്ത്രി ലോക് സഭയിൽ ഉദ്ധരിച്ചു.
“1937 ഒക്ടോബർ 15-ന് ലഖ്‌നൗവിൽ വെച്ച് മുഹമ്മദ് അലി ജിന്ന വന്ദേമാതരം മുദ്രാവാക്യത്തെ എതിർത്തു. അപ്പോൾ, അന്നത്തെ കോൺഗ്രസ് പ്രസിഡന്റായിരുന്ന ജവഹർലാൽ നെഹ്‌റു തന്റെ സിംഹാസനം അപകടത്തിലാണെന്ന് മനസ്സിലാക്കി. മുസ്ലീം ലീഗിന്റെ പ്രസ്താവനകളോട് നെഹ്‌റു ശക്തമായി പ്രതികരിക്കുകയോ അവയെ അപലപിക്കുകയോ ചെയ്തില്ല, പകരം, അദ്ദേഹം നേരെ വിപരീതമാണ് ചെയ്തത്. ജിന്നയുടെ പ്രതിഷേധത്തിന് വെറും അഞ്ച് ദിവസങ്ങൾക്ക് ശേഷം, ഒക്ടോബർ 20-ന്, വന്ദേമാതരത്തിന്റെ ആനന്ദമഠ പശ്ചാത്തലം മുസ്‌ലിംകളെ പ്രകോപിപ്പിച്ചേക്കാമെന്ന് പ്രസ്താവിച്ചുകൊണ്ട് നെഹ്‌റു നേതാജി സുഭാഷ് ചന്ദ്രബോസിന് കത്തെഴുതി,”
“തുടർന്ന് ഒക്ടോബർ 26 ന് കൊൽക്കത്തയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നു. വന്ദേമാതരത്തിന്റെ കാര്യത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു. വന്ദേമാതരം കീറിമുറിച്ചു. ഒരു മുഖംമൂടി അതിൽ അണിയിച്ചു. കോൺഗ്രസ് മുസ്ലീം ലീഗിന് കീഴടങ്ങി എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അവർ അങ്ങനെ ചെയ്തത്. കോൺഗ്രസ് പ്രീണന രാഷ്ട്രീയം പിന്തുടർന്ന ഒരു മാർഗമായിരുന്നു ഇത്. ഈ രാഷ്ട്രീയം കാരണം, ഇന്ത്യാ വിഭജനത്തിനായി കോൺഗ്രസിന് മുസ്ലീം ലീഗിന് മുന്നിൽ വഴങ്ങേണ്ടിവന്നു,” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ വ്യക്തമാക്കി.









Discussion about this post