ന്യൂഡൽഹി: സാങ്കേതിക പ്രശ്നം നേരിട്ട് വീഡിയോ പബ്ലിഷിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ഇതേ തുടർന്ന് പല ഭാഗങ്ങളിലും വീഡിയോ അപ്ലോഡ് ചെയ്യാൻ തടസ്സം നേരിട്ടു. കേരളത്തിലും പല ഉപഭോക്താക്കളും സാങ്കേതിക തകരാർ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇന്ന് ഉച്ചയ്ക്ക് ഒന്നര മണി മുതലാണ് യൂട്യൂബിന് സാങ്കേതിക പ്രശ്നങ്ങൾ ആരംഭിച്ചത്. യൂട്യൂബ് ആപ്പ്, വെബ്സൈറ്റ് എന്നിവ പ്രവർത്തനരഹിതമായി. വീഡിയോ അപ്ലോഡ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. യൂട്യൂബ് ഉപഭോക്താക്കളിൽ 43ശതമാനം പേർക്കും സാങ്കേതിക തടസ്സം അനുഭവപ്പെട്ടു. വൈകീട്ട് നാല് മണിയോടെയാണ് ഇതിന് പരിഹാരം കണ്ടത്.
സാങ്കേതിക പ്രശ്നം അനുഭവപ്പെട്ടവരിൽ 33 ശതമാനം പേർക്കും വീഡിയോ അപ്ലോഡ് ചെയ്യുന്നതിനാണ് തടസ്സം നേരിട്ടത്. ബാക്കിയുള്ളവർക്ക് ആപ്പും സൈറ്റും തുറക്കുന്നതിന് തടസ്സം നേരിട്ടു. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പുമായി ഉപഭോക്താക്കൾ രംഗത്ത് എത്തുകയായിരുന്നു. ചെറിയ സാങ്കേതിക തകരാറാണ് വ്യാപകമായി പ്രശ്നം നേരിടാൻ കാരണം ആയത് എന്നാണ് യൂട്യൂബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. ഉടൻ തന്നെ പരിഹരിച്ചുവെന്നും ഇവർ അറിയിച്ചു.
കഴിഞ്ഞ ദിവസം മൈക്രോ സോഫ്റ്റ് വിൻഡോസിൽ സാങ്കേതിക പ്രശ്നം അനുഭവപ്പെട്ടിരുന്നു. ഇത് വലിയ ബുദ്ധിമുട്ടായിരുന്നു ആളുകൾക്ക് ഉണ്ടാക്കിയത്.
Discussion about this post