ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നും വരുന്ന അഭയാർത്ഥികളെ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് പറയാൻ പശ്ചിമ ബംഗാൾ സംസ്ഥാനം അവരുടെ മാത്രം വകയല്ലെന്നും അതിന് കേന്ദ്രം കൂടെ മനസ്സ് വയ്ക്കണമെന്നും തുറന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി സുകന്ത മജുംദാർ.
ഈ വിഷയത്തിൽ മമതാ ബാനർജി ആദ്യം ചെയ്യേണ്ടത് കേന്ദ്ര സർക്കാരുമായി കൂടിയാലോചന നടത്തുകയെന്നതാണ്. അവർ വിചാരിക്കുന്നത് പോലെ ബംഗാൾ സംസ്ഥാനം അവരുടെ സ്വന്തമല്ല. കേന്ദ്രം അനുവദിച്ചാൽ മാത്രമേ അഭയാർത്ഥികളെ സ്വീകരിക്കുവാൻ പശ്ചിമ ബംഗാളിന് സാധിക്കുകയുള്ളൂ, മജുംദാർ തുറന്നടിച്ചു.
അയൽരാജ്യത്ത് നിന്നുള്ള “നിസഹായരായ ആളുകൾക്ക്” അഭയം നൽകുമെന്ന മമത ബാനർജിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമർശനം നടത്തി കൊണ്ട് ബി ജെ പി നേതാവ് രവിശങ്കർ പ്രസാദും രംഗത്ത് വന്നിരുന്നു. ഈ അവകാശം സംസ്ഥാനത്തിനല്ല മറിച്ച് കേന്ദ്രത്തിനാണെന്നായിരുന്നു രവിശങ്കർ പ്രസാദ് തുറന്നു പറഞ്ഞത്.
“മമത ജി, നിങ്ങളും അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ഭരണഘടനയെ കുറിച്ചാണ് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നത് . നിങ്ങൾക്ക് ഭരണഘടനയിൽ ഈ അവകാശമുണ്ടോ? ഈ അവകാശം കേന്ദ്ര സർക്കാരിൻ്റേതാണ്. അല്ലാതെ സംസ്ഥാന സർക്കാരിൻ്റേതല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യമാണെന്നും വിഷയം അവർ പരിഹരിച്ചോളുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
Discussion about this post