പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും ഇറാന്റെ സാമ്പത്തിക തകർച്ചയും ബസുമതി കർഷകർക്ക് തിരിച്ചടിയാകുന്നു. ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ, പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള 2,000 കോടി രൂപയുടെ ബസുമതി അരിയാണ് അന്താരാഷ്ട്ര തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത്. അമേരിക്കൻ ഉപരോധം ശക്തമായതും ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതുമാണ് ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിച്ചത്.
അമേരിക്കൻ ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഭക്ഷ്യ ഇറക്കുമതിക്ക് നൽകിവന്നിരുന്ന സബ്സിഡി ഇറാൻ സർക്കാർ പിൻവലിച്ചു. ഇസ്രായേൽ സംഘർഷത്തിന് മുമ്പ് ഒരു ഡോളറിന് 90,000 റിയാൽ എന്ന നിലയിലായിരുന്ന വിനിമയ നിരക്ക് ഇപ്പോൾ 1,50,000 റിയാലിലേക്ക് താഴ്ന്നു. ഇതോടെ ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത് ഇറാന് അസാധ്യമായിരിക്കുകയാണ്. നേരത്തെ 28,500 റിയാൽ എന്ന കുറഞ്ഞ നിരക്കിൽ ഡോളർ ലഭ്യമാക്കിയിരുന്ന ആനുകൂല്യവും ഇപ്പോൾ ലഭ്യമല്ല. ഇന്ത്യയുടെ ബസുമതി അരിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ് ഇറാൻ. വർഷം തോറും ഏകദേശം 12,000 കോടി രൂപയുടെ അരിയാണ് ഇറാൻ വാങ്ങിയിരുന്നത്. ഇതിൽ 40 ശതമാനവും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്.
കയറ്റുമതി നിലച്ചതോടെ വിപണിയിൽ ബസുമതി അരിക്ക് കിലോയ്ക്ക് 3 മുതൽ 4 രൂപ വരെ വില കുറഞ്ഞു. ഇറാൻ വിപണിയിൽ പ്രിയപ്പെട്ട 1509, 1718 എന്നീ ബസുമതി ഇനങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. മുൻപ് ഇറാനിൽ നിന്ന് എണ്ണ വാങ്ങി പകരം അരി നൽകുന്ന രീതി (Barter System) ഇന്ത്യ പിൻതുടർന്നിരുന്നു. എന്നാൽ ആഗോള സാഹചര്യങ്ങൾ പരിഗണിച്ച് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയതോടെ ഈ സംവിധാനം അവസാനിച്ചിരുന്നു.
ഇറാൻ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളും ഇസ്രായേലുമായുള്ള യുദ്ധവും ആ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ കഴിയാത്ത ഇറാൻ ഭരണകൂടത്തിന്റെ വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് കാരണം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പുതിയ വിപണികൾ കണ്ടെത്താനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി അമേരിക്കൻ ഉപരോധങ്ങളോട് സഹകരിക്കുമ്പോഴും, ബസുമതി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കൂടുതൽ വിപണി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടുകയാണ്. തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്റ്റോക്ക് മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെക്കുറിച്ചും കയറ്റുമതിക്കാർ ആലോചിക്കുന്നുണ്ട്. ഇറാനിലെ അസ്ഥിരത തുടരുന്ന പക്ഷം വരും മാസങ്ങളിൽ ബസുമതി വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.













Discussion about this post