ന്യൂഡൽഹി : ജോലിക്ക് ഭൂമി കുംഭകോണത്തിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി. ലാലുപ്രസാദ് യാദവിന്റെ കുടുംബം ഒരു ക്രിമിനൽ സിൻഡിക്കേറ്റ് ആയാണ് പ്രവർത്തിച്ചത് എന്നും കോടതി വിലയിരുത്തി. അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകൻ തേജസ്വി യാദവ്, മറ്റൊരു മകനായ തേജ് പ്രതാപ് യാദവ്, മകൾ മിസ ഭാരതി എന്നിവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
റെയില്‍വേ മന്ത്രാലയത്തെ തന്റെ സ്വകാര്യ സ്വത്തായി യാദവ് ഉപയോഗിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്കുള്ള തൊഴിലുകളെ വിലപേശലിനുള്ള ആയുധമായി ഉപയോഗിച്ചു. ചില റെയില്‍വേ ഉദ്യോഗസ്ഥരുടെയും അടുത്ത സഹായികളുടെയും ഒത്താശയോടെ ആണ് ഭൂമി കുംഭകോണം നടന്നത് എന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ 41 പേർക്കെതിരെ കോടതി കുറ്റം ചുമത്തി. ഏതാനും റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെടെ 52 പേരെ വെറുതെ വിടുകയും ചെയ്തു.
2004-2009 കാലയളവിൽ ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ് ‘ഡി’ തസ്തികകളിൽ നിരവധി അനധികൃത നിയമനങ്ങൾ ആണ് ലാലുപ്രസാദ് യാദവ് നടത്തിയത് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ നിയമനങ്ങൾക്കായി വലിയ അളവിലുള്ള ഭൂമിയാണ് ഉദ്യോഗാർത്ഥികളിൽ നിന്നും ലാലു പ്രസാദ് യാദവിന്റെ കുടുംബം കൈപ്പറ്റിയിരുന്നത്. ലാലു പ്രസാദ് യാദവ്, മിസ ഭാരതി, തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, ഹേമ യാദവ് എന്നിവർക്കെതിരെ ഐപിസി 420, 120 ബി, 13 വകുപ്പുകൾ പ്രകാരമാണ് സിബിഐ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്.











Discussion about this post