വിദേശത്തെ തൊഴിലിടത്തിൽ ദുരിതത്തിലായ മലയാളി യുവതി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിതമായി ജന്മനാട്ടിൽ തിരിച്ചെത്തി. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന സനിതയാണ് പ്രവാസ ജീവിതത്തിലെ പ്രതിസന്ധികൾക്ക് ഒടുവിൽ കുടുംബത്തോടൊപ്പം ചേർന്നത്.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി കുവൈറ്റിലെത്തിയ സനിതയ്ക്ക് അവിടെ നേരിടേണ്ടി വന്നത് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളായിരുന്നു. റിക്രൂട്ട്‌മെന്റ് ഏജൻസികൾ യുവതിയെ ചതിക്കുഴിയിൽ പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഏജൻസികളുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ സമീപനം ഉണ്ടായതോടെ സനിതയുടെ മക്കളും മാതാവ് സുധർമ്മയും വലിയ ആശങ്കയിലായി. സനിതയുടെ ദുരവസ്ഥ ബിജെപി പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി വിജീഷ് വിജയൻ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഭിജിത്ത് അശോകന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് പള്ളിപ്പുറം ഒറ്റപ്പുന്നയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ശോഭാ സുരേന്ദ്രനെ നേരിൽക്കണ്ട സനിതയുടെ മാതാവും മക്കളും തങ്ങളുടെ സങ്കടം ബോധിപ്പിച്ചു.
ആ കുടുംബത്തിന്റെ കണ്ണീർ കണ്ടതോടെ ശോഭ സുരേന്ദ്രൻ ഉടനടി വിഷയത്തിൽ ഇടപെട്ടു. കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് സനിതയുടെ മോചനത്തിനായുള്ള നടപടികൾ വേഗത്തിലാക്കി. സർക്കാരിന്റെ ശക്തമായ പ്രവാസി സംരക്ഷണ നയങ്ങൾ ഇതിന് കരുത്തേകി.
സനിത കഴിഞ്ഞ ദിവസം നാട്ടിലെത്തി. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അകമഴിഞ്ഞ് സഹായിച്ച ശോഭ സുരേന്ദ്രന് സനിത നന്ദി പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ സനിതയെ ബിജെപി വാർഡ് മെമ്പർ ഗീത വിശ്വംഭരൻ, മണിക്കുട്ടൻ തുടങ്ങിയവർ സന്ദർശിച്ച് കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായ എന്നെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത ശോഭ ചേച്ചിയും ബിജെപി പ്രവർത്തകരും കാട്ടിയത് വലിയ മനുഷ്യത്വമാണ്,” സനിത പറഞ്ഞു.












Discussion about this post