ടെഹ്റാൻ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനിലെ പ്രതിഷേധക്കാർക്ക് സർക്കാർ ഏതെങ്കിലും വിധത്തിലുള്ള ആക്രമണങ്ങൾ നടത്തിയാൽ യുഎസ് പ്രതികരിക്കുമെന്നും കഠിനമായ ആക്രമണം നടത്തുമെന്നുമുള്ള ട്രം പിന്റെ മുന്നറിയിപ്പിനെതിരെയാണ് ഖമേനി പ്രതികരിച്ചിരിക്കുന്നത്. ‘ട്രംപ് ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ശ്രദ്ധ കൊടുക്കട്ടെ’ എന്ന് ദേശീയ ടെലിവിഷനിൽ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് പ്രതിഷേധങ്ങൾ വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കെയാണ് ആയത്തുള്ള അലി ഖമേനി പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും തീവ്രവാദ ഏജന്റുമാരാണ് ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ എന്ന് ഖമേനി സൂചിപ്പിച്ചു. പ്രസംഗത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വച്ചുകൊണ്ട് ഖമേനി അദ്ദേഹത്തെ ‘അഹങ്കാരി’ എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ കൈകളിൽ ഇറാനികളുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ വേണ്ടി ഇറാനിലെ പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണ് എന്നും ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളെച്ചൊല്ലി ഇറാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് ശക്തമായ പ്രക്ഷോഭങ്ങൾ ആയി മാറുകയായിരുന്നു. ഇസ്രായേലും അമേരിക്കയും ഇറാനിൽ പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണ അറിയിച്ചിട്ടുമുണ്ട്.











Discussion about this post