ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡിനെ ലക്ഷ്യമിട്ടുള്ള വിദേശ നീക്കങ്ങൾക്കെതിരെ കർശന നിലപാടുമായി ഡെൻമാർക്ക്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഏതെങ്കിലും വിദേശശക്തി അധിനിവേശശ്രമം നടത്തിയാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനിൽക്കാതെ തന്നെ വെടിവെക്കാൻ ഡെൻമാർക്ക് സൈന്യത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾക്ക് പിന്നാലെയാണ് ഡെൻമാർക്കിന്റെ ഈ നിർണ്ണായക നീക്കം.
1952-ലെ ശീതയുദ്ധകാലത്ത് രൂപീകരിച്ച പ്രതിരോധ ചട്ടങ്ങളാണ് ഡെൻമാർക്ക് ഇപ്പോൾ വീണ്ടും പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. 1940-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനി ഡെൻമാർക്കിനെ ആക്രമിച്ചപ്പോൾ, ആശയവിനിമയ സംവിധാനങ്ങൾ തകർന്നതിനാൽ സൈന്യത്തിന് കൃത്യസമയത്ത് ഉത്തരവുകൾ ലഭിച്ചിരുന്നില്ല. അത്തരം ഒരു സാഹചര്യം ഇനി ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യത്തിലാണ് ‘ഷൂട്ട് ഫസ്റ്റ്’ നയം തുടരാൻ മന്ത്രാലയം തീരുമാനിച്ചത്.
ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർദ്ധിക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് വാദിക്കുന്നു. വെറുമൊരു കരാറോ പാട്ടമോ കൊണ്ട് കാര്യമില്ലെന്നും, ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം തന്നെ അമേരിക്കയ്ക്ക് വേണമെന്നുമാണ് ട്രംപിന്റെ നിലപാട്.
ഗ്രീൻലാൻഡിന് നേരെ ഉണ്ടാകുന്ന ഏതൊരു നീക്കവും ആക്രമണമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഡെൻമാർക്കിന്റെ ‘ജോയിന്റ് ആർട്ടിക് കമാൻഡി’നായിരിക്കും. നാറ്റോ അംഗരാജ്യമായ ഗ്രീൻലാൻഡിന് മേൽ അമേരിക്ക കണ്ണുവെക്കുന്നത് സഖ്യകക്ഷികൾക്കിടയിൽ വലിയ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്.
ആർട്ടിക് സമുദ്രത്തിലെ വിഭവങ്ങൾക്കും തന്ത്രപ്രധാനമായ സ്ഥാനത്തിനും വേണ്ടിയുള്ള വൻശക്തികളുടെ ഈ പോരാട്ടം വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെക്കും. സ്വന്തം മണ്ണ് വിട്ടുകൊടുക്കില്ലെന്ന ഡെൻമാർക്കിന്റെ കർക്കശ നിലപാട് അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.













Discussion about this post